ഗുജറാത്തില്‍ ബിജെപി വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളില്‍ മോദി പ്രചരണത്തിനെത്തും
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലികള്‍ നാളെ തുടങ്ങും.
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലികള്‍ നാളെ തുടങ്ങും. ബിജെപി ശക്തമായ വെല്ലുവിളി നേരിടുന്ന സൌരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമാണ് ആദ്യ ഘട്ടത്തില്‍ മോദി എത്തുക. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പോര്‍ബന്ദറില്‍ നിന്ന് പ്രചാരണം തുടങ്ങിയതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള മത്സരമായി മാറുകയാണ്.
ഹിന്ദു വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം മുന്നില്‍ക്കണ്ടാണ് നരേന്ദ്ര മോദിയുടെ പ്രചാരണവും ആസൂത്രണം ചെയ്തിരിക്കുന്നത്. പടിദാര്‍ അനാമത് ആന്ദോളന്‍ സമിതിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ആദ്യ ഘട്ട റാലികള്‍. വ്യവസായത്തിന്‍റെയും വ്യാപാരത്തിന്‍റെയും കേന്ദ്രങ്ങളായ ഇവിടങ്ങളില്‍ ചരക്ക് സേവന നികുതിയും ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ സാന്നിധ്യം നില മെച്ചപ്പെടുത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്താകെ 30 റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. 26 കേന്ദ്ര മന്ത്രിമാരും ആറ് സംസ്ഥാന മുഖ്യമന്ത്രിമാരും ബോളിവുഡ് താരങ്ങളും വരും ദിവസങ്ങളില്‍ ഗുജറാത്തിലെത്തും.
നരേന്ദ്ര മോദിയുടെ മൂന്നരവര്‍ഷത്തെ ഭരണ നേട്ടങ്ങളിലൂന്നാനാണ് ഇതുവരെയുള്ള പ്രചാരണത്തില്‍ ബിജെപി ശ്രമിച്ചിരുന്നത്. നേതാക്കളുടെ പട എത്തുന്നതോടെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സജീവമാകുമെന്നാണ് സൂചന. ഗുജറാത്തില്‍ രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി, ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ് വീണ്ടും സംസ്ഥാനത്തെത്തും.