സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ

Update: 2018-06-03 13:39 GMT
Editor : Sithara
സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ
Advertising

വിധിയെ സ്വാധീനിക്കാന്‍ ജഡ്ജിക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ കുടുംബം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സിന്‍ഹയുടെ പ്രതികരണം

അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. വിധിയെ സ്വാധീനിക്കാന്‍ ജഡ്ജിക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ കുടുംബം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സിന്‍ഹയുടെ പ്രതികരണം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടത്.

വാദം കേട്ട ജഡ്ജി ലോയക്ക് മറ്റൊരു ജഡ്ജി കോഴ വാഗ്ദാനം ചെയ്തെന്നും ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണം അതീവ ഗൌരവതരമാണ്. ജഡ്ജിമാരെ മാറ്റിയത്, വാദം കേട്ട ജഡ്ജിയുടെ മരണം, കേസിലെ നടപടികള്‍ അവസാനിപ്പിച്ചത് എല്ലാം ഗുരുതരമായ ആരോപണങ്ങളാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു.

അമിത് ഷാ പ്രതി ചേര്‍ക്കപ്പെട്ട സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍ കാരവന്‍ മാഗസിനിലെ നിരഞ്ജന്‍ താക്‍ലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014 ഡിസംബര്‍ ഒന്നിനാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ലോയ നാഗ്പൂരില്‍ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചികിത്സ നല്‍കിയ രീതിയിലും പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ ശേഷം കുടുംബത്തെ മരണ വിവരം അറിയിച്ചതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ജഡ്ജിയുടെ കഴുത്തിലും ഷര്‍ട്ടിലും രക്തക്കറയുണ്ടായിരുന്നു. പാന്റ്സിന്റെ ക്ലിപ്പ് പൊട്ടിയ നിലയിലായിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരുന്ന വ്യക്തിയെ കുറിച്ചും കുടുംബം സംശയം ഉന്നയിച്ചു. പിതൃബന്ധത്തിലുള്ള സഹോദരന്‍ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അങ്ങനെയൊരു ബന്ധുവിനെ അറിയില്ലെന്ന് കുടുംബം പറഞ്ഞു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു.

സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷനായിരുന്നു. 2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വെടിവെച്ച് കൊന്നത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെട്ട് 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റി. 2013 സെപ്തംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂണ്‍ 6ന് കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത് ഷായെ ശാസിച്ച ജഡ്ജി ജെ ടി ഉത്പതിനെ ജൂണ്‍ 25ന് സ്ഥലം മാറ്റി. തുടര്‍ന്നാണ് ജസ്റ്റിസ് ലോയയെ നിയമിച്ചത്. കേസില്‍ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്നതെന്തുകൊണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്നത് 2014 ഡിസംബര്‍ 15ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ഡിസംബര്‍ 1ന് ജസ്റ്റിസ് ലോയയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍ ഈ കേസില്‍ അമിത് ഷാക്കെതിരെ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കുകയും ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News