സൊഹ്റാബുദ്ദീന്‍ കേസില്‍ ജുഡീഷ്യറി പരാജയപ്പെട്ടു; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മുന്‍ ജഡ്ജി

Update: 2018-06-03 03:17 GMT
സൊഹ്റാബുദ്ദീന്‍ കേസില്‍ ജുഡീഷ്യറി പരാജയപ്പെട്ടു; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ മുന്‍ ജഡ്ജി
Advertising

കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതും ജഡ്ജിമാരുടെ സ്ഥലംമാറ്റവുമെല്ലാം കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ തെളിവുകളാണെന്ന് റിട്ട. ജഡ്ജി തിപ്സെ

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നീതിന്യായ വ്യവസ്ഥിതി തകിടം മറിക്കപ്പെട്ടതായി ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്സെ. കേസില്‍ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതും ജഡ്ജിമാരുടെ സ്ഥലംമാറ്റവുമെല്ലാം കേസ് അട്ടിമറിക്കപ്പെട്ടതിന്‍റെ തെളിവുകളാണെന്ന് റിട്ട. ജഡ്ജി തിപ്സെ പറഞ്ഞു. ബോംബെ ഹൈക്കോടതി കേസ് നടപടികള്‍ പുനപരിശോധിക്കണമെന്നും നേരത്തെ ഹൈക്കോടതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച തിപ്സെ ആവശ്യപ്പെട്ടു.

2005 നവംബറില്‍ ഹൈദരാബാദില്‍ നിന്ന് അഹമ്മദാബാദ് പൊലീസ് പിടിച്ചുകൊണ്ടുവന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ പിന്നീട് വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതികളായ കേസില്‍ വിചാരണക്കോടതി ഉന്നത ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി. എന്നാല്‍ ഒരേ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ചിലരെ മാത്രം കുറ്റക്കാരെന്ന് കണ്ടെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചെയ്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് റിട്ട. ജഡ്ജി തിപ്സെ കുറ്റപ്പെടുത്തി. പ്രതികളായ ഉന്നത ഉദ്യോഗസ്ഥരുടെ ജാമ്യം ഹൈക്കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് താന്‍ കണ്ടെത്തിയതാണെന്നും തിപ്സെ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ‌സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ പ്രതികള്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടെന്നും വ്യാജഏറ്റുമുട്ടലിലൂടെ കൊലചെയ്തതാണെന്നും വ്യക്തമായിരുന്നു. വിചാരണക്കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജിമാരെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയതും സംശയാസ്പദമാണ്. സാക്ഷികളുടെ കൂറുമാറ്റവും പരിശോധിക്കപ്പെടേണ്ടതാണ്. കേസിലെ നടപടിക്രമങ്ങള്‍ ബോംബെ ഹൈക്കോടതി പുനപരിശോധിക്കണമെന്നും തിപ്സെ ആവശ്യപ്പെട്ടു.

Tags:    

Similar News