ഹൈദരബാദ് പാർട്ടി കോൺഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുമോ?
ബദൽ രേഖ പാർട്ടി കോൺഗ്രസ് തള്ളിയാൽ യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിന് ഭീഷണി ഉയരും
സീതാറം യെച്ചൂരിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് ഹൈദരബാദ് പാർട്ടി കോൺഗ്രസ്. ബദൽ രേഖ പാർട്ടി കോൺഗ്രസ് തള്ളിയാൽ യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിന് ഭീഷണി ഉയരും. കേരള ഘടകത്തിന്റെ നിലപാടും ഇതിൽ സ്വാധീനം ചെലുത്തും.
കാരാട്ട് പക്ഷത്തിന്റെയും കേരള ഘടകത്തിന്റെയും ശക്തമായ എതിർപ്പുകൾ മറികടന്നാണ് വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സി പി എമ്മിന്റ അമരത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. നാല് വർഷത്തിനിപ്പുറം ഹൈദരബാദിൽ എത്തുമ്പോൾ യെച്ചൂരിയുടെ സെക്രട്ടറി സ്ഥാനം അത്ര സുരക്ഷിതമായ നിലയിലല്ല. കോൺഗ്രസ് സഖ്യത്തിനായുള്ള ബദൽ രേഖയെ ചൊല്ലി പാർട്ടിക്കുള്ളിലെ പ്രബല പക്ഷം യെച്ചൂരിയെ തള്ളാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് തന്നെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സിപിഎമ്മിനൊപ്പം യെച്ചൂരിയുടെ രാഷ്ട്രീയ ഭാവി കൂടി നിർണ്ണയിക്കുന്ന വേദിയാകും.
കേന്ദ്ര കമ്മറ്റി രണ്ട് തവണയും പിബി മൂന്ന് തവണയാണ് ബദൽ രേഖ തള്ളിക്കളഞ്ഞത്. കൊൽക്കത്ത കേന്ദ്ര കമ്മറ്റിയിൽ 31നെതിരെ 55 വോട്ടുകൾക്കായിരുന്നു യെച്ചൂരിയുടെ കരട് രേഖ പരാജയപ്പെട്ടത്. തന്റെ നയം കേന്ദ്ര കമ്മറ്റി തള്ളിയതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി സന്നദ്ധത യെച്ചൂരി പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടി നിർദേശത്തെ തുടർന്ന് അദ്ദേഹം തുടരുകയായിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസും ബദൽ രേഖ തള്ളിയാൽ യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. തുടരാൻ യെച്ചൂരി ആഗ്രഹിച്ചാൽ പോലും കേരള ഘടകത്തിന്റെ നിലപാടാകും അക്കാര്യത്തിൽ നിർണ്ണായകമാവുക. നിലവിൽ ബംഗാൾ ഘടകം മാത്രമാണ് യെച്ചൂരിക്കൊപ്പം അടിയുറച്ച് നിൽക്കുന്നത്.