വാചകമടി മാത്രമാണ് കോണ്‍ഗ്രസിന്റെ കൈമുതല്‍, ബിജെപി പ്രവര്‍ത്തിച്ച് കാണിക്കുന്ന പാര്‍ട്ടിയാണെന്ന് മോദി
വികസനത്തിന്റെ പേരില്‍ മാത്രമേ ബിജെപി വോട്ട് ചോദിക്കാറുള്ളൂവെന്നും ജാതിയുടെ മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു
കര്‍ണ്ണാടകയുടെ സമഗ്ര വികസനം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിച്ചാണ് വോട്ട് തേടുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കര്‍ണ്ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയും ഭാരവാഹികളെയും വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര കര്‍ണ്ണാടകയിലെ നാല് റാലികളില്‍ സംസാരിക്കും.
കന്നഡയില്‍ സ്വാഗതം ആശംസിച്ചായിരുന്നു പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിന്റെ തുടക്കം. കന്നഡ പഠിക്കാത്തതില്‍ കര്‍ണ്ണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുക്കാല്‍ മണിക്കൂര്‍ നീണ്ട് നിന്ന പ്രസംഗത്തില്‍ കര്‍ണ്ണാടകയുടെ വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളായിരുന്നു ഏറിയ പങ്കും. വികസനത്തിന്റെ പേരില്‍ മാത്രമേ ബിജെപി വോട്ട് ചോദിക്കാറുള്ളൂവെന്നും ജാതിയുടെ മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.
വാചകമടി മാത്രമാണ് കോണ്‍ഗ്രസിന്റെ കൈമുതലെന്നും ബിജെപി പ്രവര്‍ത്തിച്ച് കാണിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും വിദേശ ഏജന്‍സികളുടെ ഇടപെടലുകളും തെരഞ്ഞെടുപ്പ് രംഗത്ത് കടന്നുവരും. അതില്‍ വീണ് പോകരുതെന്നും സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും പ്രധാനമന്ത്രി ഉപദേശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ പരിപാടിയാണിത്. മെയ് 1 മുതല്‍ ഇരുപതിലധികം തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി സംസാരിക്കും.