എന്തിന് ഈ ക്രൂരത, എന്നെ വെറുതെ വിടൂ: കശ്‍മീരി ഐഎഎസ് ഓഫീസര്‍
ഹിസ്‍ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‍മീരില്‍ കത്തിപ്പടര്‍ന്ന സംഘര്‍ഷത്തെ ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി അത്യന്തം അപലപനീയമാണെന്ന്
ഹിസ്‍ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്‍മീരില്‍ കത്തിപ്പടര്‍ന്ന സംഘര്‍ഷത്തെ ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി അത്യന്തം അപലപനീയമാണെന്ന് ജമ്മു കശ്‍മീരില്‍ നിന്നുള്ള ഐഎഎസ് ഓഫീസറും വിദ്യാഭ്യാസ വകുപ്പ് തലവനുമായ ഷാ ഫൈസല്‍. കഴിഞ്ഞ ദിവസം ബുര്‍ഹാന്‍ വാനിയുമായി ഫൈസലിനെ താരതമ്യം ചെയ്ത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ദേശീയ മാധ്യമങ്ങളുടെ നികൃഷ്ടമായ പ്രചാരവേലയുടെ ഭാഗമാണിതെന്ന് ഫൈസല്‍ കുറ്റപ്പെടുത്തി.
ബുര്‍ഹാന്‍ വാനിയുടെ മൃതദേഹത്തിനൊപ്പം ഫൈസലിന്റെ ചിത്രവും ചേര്‍ത്താണ് മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്. ചില ദേശീയ മാധ്യമങ്ങളുടെ പ്രൈംടൈം വാര്‍ത്തയിലായിരുന്നു ഇത്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനും കൂടുതല്‍ വര്‍ഗീയ പടര്‍ത്തി സ്ഥിതിഗതികള്‍ വഷളാക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. തമ്മില്‍ത്തല്ലിക്കുകയും ഇടയില്‍നിന്ന് ലാഭം കൊയ്യുകയും ചെയ്യുന്ന മ്ലേച്ഛമായ രീതിയാണ് ഈ മാധ്യമങ്ങള്‍ പിന്തുടര്‍ന്നതെന്നും ഫൈസല്‍ കുറ്റപ്പെടുത്തി. 2009 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയത്തോടെ ജനസേവനത്തിന് എത്തിയ ഫൈസല്‍, തന്റെ ഫേസ്‍ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. വാര്‍ത്താമുറികളില്‍ നിന്നു ഊതിപ്പെരുപ്പിക്കുന്ന വിദ്വേഷം ജനങ്ങള്‍ക്കിടയില്‍ ആഴ്‍ന്നിറങ്ങുമ്പോള്‍ കശ്‍മീരിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. മാധ്യമങ്ങളുടെ ഈ രീതി, ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന പ്രചാരവേലയാണെന്നും ഫൈസല്‍ പറഞ്ഞു. ഈ പ്രവണത തനിക്കെതിരെ ഇനിയും തുടര്‍ന്നാല്‍ ഐഎഎസ് പദവിയും ജോലിയും രാജിവെക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത ചര്‍ച്ചകള്‍ തന്നെ അത്യന്തം വേദനിപ്പിച്ചുവെന്നും ഫൈസല്‍ പറഞ്ഞു.