ആര്‍കെ നഗറില്‍ ട്വിസ്റ്റ് : വിശാലിന്‍റെ പത്രിക സ്വീകരിച്ചു, ദീപയുടേത് തള്ളി
ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങള്‍.
ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങള്‍. നടൻ വിശാലിന്‍റെ നാമനിര്‍ദേശ പത്രിക പ്രതിഷേധത്തിനൊടുവില്‍ സ്വീകരിച്ചു. സൂക്ഷ്മ പരിശോധനയിൽ പത്രിക മാറ്റിവയ്ക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു. പിന്തുണച്ച രണ്ട് പേരുടെ കയ്യൊപ്പ് വ്യാജമാണെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. തുടർന്ന് വിശദമായ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പത്രിക സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
തന്നെ പിന്താങ്ങിയവരില്‍ രണ്ട് പേരെ എഐഎഡിഎംകെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ടെന്ന് വിശാല്‍ അവകാശപ്പെട്ടു. ഒപ്പ് വ്യാജമാണെന്ന് പറയാനാണ് ഇവരെ ഭീഷണിപ്പെടുത്തിയതെന്നും വിശാല്‍ പറഞ്ഞു. തന്‍റെ പത്രിക തള്ളിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി വിശാലും സംഘവും റിട്ടേണിങ് ഓഫീസറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്.
അതേസമയം വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കാണിച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രിക തള്ളി. സ്വത്ത് വിവരം രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപയുടെ പത്രിക തള്ളിയത്. മത്സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് ദീപ ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കരുകതെന്ന് സര്‍ക്കാരിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം തള്ളിയതോടെ പത്രിക തള്ളിപ്പോകുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നെന്നും ദീപ പറഞ്ഞു.