"മോദിയെപ്പോലെയല്ല, മനുഷ്യനാണ് ഞാന്‍"; ബിജെപി പ്രവര്‍ത്തകരോട് 'നന്ദി' പറഞ്ഞ് രാഹുല്‍
വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്‍റെ പേരില്‍ തന്നെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്‍റെ പേരില്‍ തന്നെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദിയെപ്പോലെയല്ല, താന്‍ മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"എന്‍റെ ബിജെപി സുഹൃത്തുക്കളേ, നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാന്‍ വെറുമൊരു മനുഷ്യനാണ്. അതുകൊണ്ടുതന്നെ ചില തെറ്റുകളൊക്കെ സംഭവിക്കുക സ്വാഭാവികമാണ്. അതൊന്നുമില്ലെങ്കില്‍ ജീവിതം രസകരമാവില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. മുന്നോട്ടുള്ള യാത്രയില്‍ എനിക്ക് ഗുണകരമാകും. എല്ലാവരോടും സ്‌നേഹം" ഇതായിരുന്നു രാഹുലിന്റെ മറുപടി.
ബിജെപി സര്‍ക്കാരിനോടും നരേന്ദ്ര മോദിയോടുമുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുല്‍ ട്വീറ്റ് ചെയ്തപ്പോഴാണ് തെറ്റായ കണക്കുകള്‍ കടന്നുകൂടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഓരോ ദിവസവും ട്വിറ്ററിലൂടെ സര്‍ക്കാരിനോട് ഓരോ ചോദ്യം ചോദിക്കാറുണ്ട്.
ഇന്നലത്തെ ട്വീറ്റിലെ ചോദ്യത്തിനൊപ്പം നല്‍കിയ പട്ടികയിലാണ് തെറ്റായ കണക്കുകള്‍ കടന്നുകൂടിയത്. ബിജെപി സര്‍ക്കാര്‍ സമ്പന്നര്‍ക്ക് മാത്രമോ എന്ന അടിക്കുറിപ്പോടെ നിത്യോപയോഗ സാധനങ്ങളുടെ 2014-2017 വര്‍ഷങ്ങളിലെ വിലവിവര പട്ടിക താരതമ്യം ചെയ്ത് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റില്‍ രാഹുല്‍ നല്‍കിയ ശതമാന കണക്ക് തെറ്റായിരുന്നു. കണക്ക് ശരിയാക്കി വീണ്ടും ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ സംഭവിച്ച തെറ്റിനാണ് താന്‍ മനുഷ്യനാണ്, തെറ്റുപറ്റാറുണ്ടെന്ന് അദ്ദേഹം വിശദീകരണം നല്‍കിയത്.