ഗുജറാത്ത് കലാപം ആസൂത്രണം ചെയ്യാന്‍ മോദി പട്ടേല്‍ സമുദായത്തെ ഉപയോഗിച്ചു: ഹാര്‍ദിക്
പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍
പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. 2002ലെ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്യാന്‍ മോദി പട്ടേല്‍ സമുദായത്തെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഹാര്‍ദിക് മോദിക്ക് അയച്ച കത്തിലാണ് ഈ പരാമര്‍ശമുള്ളത്.
മോദിജി, താങ്കള്‍ പട്ടേല്‍ സമുദായത്തെ പിന്നില്‍ കുത്തിയെന്ന് കുറ്റപ്പെടുത്തിയാണ് ഹാര്‍ദിക് മോദിക്ക് ആഗസ്ത് 24ന് അയച്ച കത്ത് തുടങ്ങുന്നത്. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തത് താങ്കളാണെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഗീയ കലാപത്തിന്റെ വിത്ത് വിതച്ച് ലാഭം കൊയ്തത് താങ്കളാണ്. ആദ്യം മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയും.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് കേസുകളാണ് ഹാര്‍ദിക് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആറ് കേസുകളിലായി പട്ടേല്‍ സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുകയാണ്. ജയിലില്‍ കിടക്കുന്ന പട്ടേല്‍ സമുദായക്കാര്‍ക്ക് വേണ്ടി പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് രാഷ്ട്രപതിയോട് സംസാരിക്കാന്‍ കഴിയും. പക്ഷേ അദ്ദേഹമത് ചെയ്യില്ല. രാജ്യത്തിനും ലോകത്തിനും മുന്‍പില്‍ മതേതര പ്രതിച്ഛായ രൂപപ്പെടുത്താനാണ് മോദിയുടെ ശ്രമമെന്നും ഹാര്‍ദിക് കുറ്റപ്പെടുത്തുന്നു.
ഗുജറാത്ത് കലാപ കേസില്‍ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുന്ന പട്ടേല്‍ സമുദായാംഗങ്ങളുടെ എണ്ണവും കത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. സര്‍ദാരപുര കൂട്ടക്കൊല കേസില്‍ 31 പേരും ഒന്നാം ഓഡ് കൂട്ടക്കൊലയില്‍ 9 പേരും രണ്ടാം ഓഡ് കൂട്ടക്കൊലയില്‍ 23 പേരും ദിപ്ത ദര്‍വാസ കേസില്‍ 25 പേരും നരോദപാട്യ കേസില്‍ 6 പേരും മെഹ്സാന കേസില്‍ 11 പേരും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയാണെന്ന് ഹാര്‍ദിക് കത്തില്‍ ചൂണ്ടിക്കാട്ടി.
പട്ടേല്‍ സംവരണ സമരത്തിന്റെ ഭാഗമായി ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. 9 മാസം ജയില്‍വാസം അനുഭവിച്ചു. ജൂലൈയില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.