പൂട്ടിയിട്ട മുറിയില്‍ അമ്മയും മകളും കഴിഞ്ഞത് നാല് വര്‍ഷം, ശരീരഭാരം 25 കിലോയിലെത്തി
അയല്‍ക്കാരനായ ഒരാള്‍ സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്
തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് നാല് വര്‍ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ് മോചിപ്പിച്ചത്. സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. ശരീരഭാരം 25 കിലോ വരെയായി കുറഞ്ഞ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കൂടാതെ മാതാവിന്റെ ഭര്‍ത്തൃപിതാവ് മാത്രമാണ് വീട്ടിലുള്ളത്.
അയല്‍ക്കാരനായ ഒരാള്‍ സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അടുത്തുള്ള വീട്ടില്‍ കലാവതി(42) മകള്‍ ദീപ(20) എന്നിവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ കഴിയുന്നതെന്നായിരുന്നു കലാവതി പറഞ്ഞത്.
എന്നാല്‍ കലാവതിയുടേയും മകളുടേയും മാനസിക നില സാധാരണമല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണം തുടര്‍ച്ചയായി കഴിക്കാത്തതിനെ തുടര്‍ന്ന് വെറും 25 കിലോയില്‍ താഴെയാണ് ഇവരുടെ ഭാരം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്റ് അലൈഡ് സയന്‍സി(ഐഎച്ച്ബിഎഎസ്)ലേക്കാണ് ഇരുവരേയും മാറ്റിയിരിക്കുന്നത്.
2013ല്‍ മകന്‍ ഒരു റോഡപകടത്തില്‍ മരിച്ചതിന് ശേഷം മരുമകളും പേരക്കിടാവും മുറിയില്‍ സ്വയം അടച്ചിരിക്കുകയാമെന്നാണ് മഹാവീര്‍ മിശ്ര പൊലീസിനോട് പറഞ്ഞത്. മിശ്രയുടെ ഭാര്യ 2000ത്തില്‍ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന മഹാവീര്‍ മിശ്ര ദിവസത്തില്‍ ഒരു തവണയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറുടെ സഹായത്തിലാണ് ഇരുവരേയും വീടിന് പുറത്തെത്തിച്ചത്. മരിച്ച ഭര്‍ത്താവിനോട് സംസാരിക്കുന്നുവെന്ന നിലയില്‍ ഇവര്‍ ഒച്ചവെക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സമയത്ത് ദിവസങ്ങളോളം ഭക്ഷണമില്ലാതെയാണ് കഴിഞ്ഞിരുന്നത്.
നാട്ടില്‍ തന്നെയുള്ള ഒരു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം കൂടുതല്‍ ചികിത്സ നല്‍കിയില്ലെന്നാണ് മിശ്ര പറയുന്നത്. എംടിഎന്‍എല്ലില്‍ ലൈന്‍മാനായി വിരമിച്ച മിശ്രക്ക് പ്രതിമാസം 16000 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. മകന്‍ മരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഇവര്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മിശ്ര പറയുന്നു.