ജൂനിയേഴ്സിനെ റാഗ് ചെയ്തു; ഒഡീഷയിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി
നേരത്തെ ഇവരെ കോളേജിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു
ബെർഹാംപൂർ: ഒഡീഷയിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതിന് അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥികളെയാണ് പുറത്താക്കിയത്. നേരത്തെ ഇവരെ കോളേജിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. റാഗിങ് വിരുദ്ധ സമിതി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടി.
സംഭവത്തെക്കുറിച്ച് കോളേജ് ഇൻചാർജ് ഡീൻ സുചിത്രാ ദാഷ് പ്രതികരിച്ചില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതായി സ്ഥലം എസ്പി അറിയിച്ചു. വിദ്യാർഥികളുടെ മൊഴിയെടുത്തതായും അദ്ദേഹം പറഞ്ഞു.
രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി കോളേജ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ദേശീയ മെഡിക്കൽ കൗൺസിലിൽ മറ്റ് മൂന്ന് പരാതികൾ കൂടി റാഗിങ്ങിനിരയായ വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് വേണ്ട നടപടിയെടുക്കാൻ കോളേജ് അധികൃതരോട് ദേശീയ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.