ഗുജറാത്തില്‍ ജാതിവിവേചനത്തിനെതിരെ മീശ പിരിച്ച് സമരം
"ഞാന്‍ ഇനിയും മീശ വളര്‍ത്തും. അഭിമാനത്തോടെ മീശ പിരിക്കും"- ഗുജറാത്തിലെ ഗാന്ധിനഗറില്‍ മീശ വളര്‍ത്തിയതിന് മര്‍ദനമേറ്റ 17 വയസ്സുകാരന്‍ ദലിത് വിദ്യാര്‍ഥി ദിഗന്ത് മെഹരിയയുടെ വാക്കുകളാണിത്.
"ഞാന്‍ ഇനിയും മീശ വളര്‍ത്തും. അഭിമാനത്തോടെ മീശ പിരിക്കും"- ഗുജറാത്തിലെ ഗാന്ധിനഗറില്‍ മീശ വളര്‍ത്തിയതിന് മര്‍ദനമേറ്റ 17 വയസ്സുകാരന്‍ ദിഗന്ത് മെഹരിയയുടെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസം ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ചും പുറത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞും പരിക്കേല്‍പ്പിച്ച ദിഗന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മീശ വെച്ചതിന് മേല്‍ജാതിക്കാര്‍ ദലിത് യുവാവിനെ ആക്രമിച്ചതിന് ദൃക്സാക്ഷിയായിരുന്നു ദിഗന്ത്. സെപ്തംബര്‍ 25നാണ് സംഭവം നടന്നത്. പിന്നാലെയാണ് ദിഗന്ത് ആക്രമിക്കപ്പെട്ടത്.
ഗാന്ധിനഗറിലെ ലിംബോദരയില്‍ പിയുഷ് പാര്‍മര്‍ എന്ന യുവാവാണ് മീശ വളര്‍ത്തിയതിന് ആദ്യം മേല്‍ജാതിക്കാരുടെ അക്രമത്തിന് ഇരയായത്. മൂന്ന് ദിവസത്തിന് ശേഷം പിയുഷിന്‍റെ സുഹൃത്ത് കുര്‍ണാല്‍ രോഹിതും ആക്രമിക്കപ്പെട്ടു. അതിന് ശേഷമാണ് ദിഗന്തിന് മര്‍ദ്ദനമേറ്റത്. ബ്ലേഡ് കൊണ്ട് മാരകമായി പരിക്കേല്‍പിച്ചതിനെ തുടര്‍ന്ന് ദിഗന്തിന്‍റെ പുറത്ത് 15 സ്റ്റിച്ചുകളുണ്ട്. എന്ത് വന്നാലും ഭയമില്ലെന്നും ജാതിവിവേചനത്തിനെതിരെ താന്‍ മീശ വളര്‍ത്തി പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും ദിഗന്ത് വ്യക്തമാക്കി.
ദിഗന്തിന്‍റെ പ്രതിഷേധം സംസ്ഥാനത്തെ ദലിത് യുവാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. നൂറ് കണക്കിന് യുവാക്കള്‍ മീശയോടു കൂടിയ തങ്ങളുടെ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുകയാണ്. #RightToMoustache എന്ന ഹാഷ് ടാഗോടെയാണ് ഫേസ് ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലും പ്രതിഷേധം പടരുന്നത്.