ഭര്‍ത്താവിനെ കൊന്നു, മട്ടന്‍ സൂപ്പ് കൊലക്കേസിന്‍റെ ചുരുളഴിച്ചു
ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാനുള്ള യുവതിയുടെ പദ്ധതി മട്ടന്‍ സൂപ്പ് പൊളിച്ചു
തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാനുള്ള യുവതിയുടെ പദ്ധതി മട്ടന്‍ സൂപ്പ് പൊളിച്ചു. സ്വാതിയെന്ന 27കാരിയും കാമുകനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊന്നത്. സിനിമയെ അനുകരിച്ച് നടത്തിയ കൊലയെയും ആള്‍മാറാട്ടത്തെയും കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്..
സ്വാതി നാഗര്‍കുര്‍ണൂലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. സുധാകര്‍ റെഡ്ഡിയാണ് സ്വാതിയുടെ ഭര്‍ത്താവ്. രണ്ട് കുട്ടികളുടെ അമ്മയായ സ്വാതി ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷുമായി പ്രണയത്തിലായി. ഭര്‍ത്താവിനെ കൊന്ന് സ്വത്ത് കൈക്കലാക്കാന്‍ ഇവര്‍ തീരുമാനിച്ചു. ശസ്ത്രക്രിയക്ക് മുന്‍പ് ബോധംകെടുത്താന്‍ കുത്തിവെയ്ക്കുന്ന മരുന്ന് കുത്തിവെച്ച് സുധാകര്‍ റെഡ്ഡിയെ അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് തലയ്ക്കടിച്ചു കൊന്നു. മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു.
ശേഷം രാജേഷിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാക്കി. ഭര്‍ത്താവിന്‍റെ മുഖത്ത് ആരോ ആസിഡ് ഒഴിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി നടത്തി ഭര്‍ത്താവെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി ഒരുമിച്ച് ജീവിക്കാനാണ് ഇരുവരും തീരുമാനിച്ചത്. പക്ഷേ ആശുപത്രിയില്‍ ബന്ധുക്കള്‍ കാണാനെത്തിയപ്പോള്‍ പദ്ധതി പൊളിഞ്ഞു.
ആശുപത്രിയില്‍ വെച്ച് താന്‍ സസ്യഭുക്കാണെന്ന് പറഞ്ഞ് രാജേഷ് മട്ടന്‍ സൂപ്പ് കുടിക്കാന്‍ വിസമ്മതിച്ചു. സുധാകര്‍ റെഡ്ഡി മാംസഭുക്കാണെന്ന് അറിയാവുന്ന ബന്ധുക്കള്‍ രാജേഷിനെ സംശയത്തോടെ നിരീക്ഷിക്കാന്‍ തുടങ്ങി. ബന്ധുക്കളെ തിരിച്ചറിയാന്‍ രാജേഷിന് കഴിയാത്തത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് റെഡ്ഡിയുടെ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്‍റെ ചോദ്യംചെയ്യലില്‍ സ്വാതി കുറ്റം സമ്മതിച്ചു. 2014ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയെ അനുകരിച്ചാണ് കാമുകന്‍റെ സഹായത്തോടെ കൊല നടത്തിയതെന്നും സ്വാതി പൊലീസിനോട് പറഞ്ഞു.
സ്വാതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം രാജേഷിനെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.