മോദിയെ തേടി ഡിഗ്രി ഫിറ്റ് ഹെ ചലഞ്ച്
കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് മോദിയെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ട്വിറ്ററില്‍ പുതിയ ചലഞ്ചെത്തി. ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചാണ് പുതിയതായി മോദിയെ തേടിയെത്തിയത്. കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായാണ് മോദിയെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചത്.
"പ്രിയപ്പെട്ട മിസ്റ്റര്‍ മോദി, എന്റെ ബിഎ, എംഎ, എംബിഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇതാ. ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചിന് താങ്കള്‍ തയ്യാറാണോ? പ്രതീക്ഷയോടെ താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു", എന്നാണ് സഞ്ജയ് ഝാ ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേര് സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത് മോദിയെ വെല്ലുവിളിച്ചു.
തന്റെ ഫിറ്റ്നസ് വീഡിയോ പുറത്ത് വിട്ട് വിരാട് കോഹ്ലി നരേന്ദ്ര മോദിയെ ഫിറ്റ്നസ് ചലഞ്ചിന് ക്ഷണിച്ചപ്പോള്‍ മോദി ആ ചലഞ്ച് സ്വീകരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം പെട്രോളിന്റെ വില കുറക്കാന്‍ രാഹുല്‍ ഗാന്ധിയും മോദിയെ ചലഞ്ച് ചെയ്തു. പിന്നാലെയാണ് ഡിഗ്രി ഫിറ്റ് ഹെ ചലഞ്ച് മോദിയെ തേടിയെത്തിയത്.