വ്യാജപ്രചാരണം: ഹിന്ദു യുവവാഹിനിക്കെതിരെ നിയമ നടപടിക്കൊരുങ്ങി തബസ്സും
കൈരാന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച തബസ്സും 'ഇത് അല്ലാഹുവിന്‍റെ വിജയമാണ്, രാമന്‍റെ പരാജയവും' എന്ന് പറഞ്ഞെന്ന വ്യാജപ്രചാരണമാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹിന്ദു യുവവാഹിനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈരാന എംപി തബസ്സും ഹസന്‍. വ്യാജ പ്രചാരണം നടത്തിയതിനാണ് നടപടി. കൈരാന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച തബസ്സും 'ഇത് അല്ലാഹുവിന്‍റെ വിജയമാണ്, രാമന്‍റെ പരാജയവും' എന്ന് പറഞ്ഞെന്ന വ്യാജപ്രചാരണമാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.
"ഒരു ചാനല്‍ റിപ്പോര്‍ട്ടറാണ് ഞാന്‍ പറഞ്ഞതെന്ന പേരില്‍ വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് മനസ്സിലായത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും", തബസ്സും ഹസന്‍ വ്യക്തമാക്കി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘ്പരിവാര്‍ സാമുദായിക ധ്രുവീകരണത്തിനും വര്‍ഗീയ കലാപത്തിനും ശ്രമം തുടങ്ങിയെന്ന് തബസ്സും പറഞ്ഞു. വോട്ടര്‍മാരോട് വര്‍ഗീയതയല്ലാതെ അവര്‍ക്ക് മറ്റൊന്നും പറയാനില്ലെന്നും തബസ്സും വിമര്‍ശിച്ചു.