മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

Update: 2018-06-18 06:11 GMT
Editor : Sithara
മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
Advertising

സുബൈര്‍ എന്നയാളാണ് അറസ്റ്റിലായത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. സുബൈര്‍ എന്നയാളാണ് അറസ്റ്റിലായത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ശ്രീനഗര്‍ കനിതാര്‍ സ്വദേശി സുബൈറിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവ സമയത്തെ മൊബൈല്‍ വീഡിയോയില്‍ നിന്നാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞത്. വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച ഇയാള്‍ കാറിനകത്ത് വെടിയേറ്റ് കിടക്കുന്ന ഷുജാത് ബുഖാരിയേയും സുരക്ഷാ ജീവനക്കാരേയും പരിശോധിക്കുന്നതും പിന്നീട് തോക്കുമായി കടന്നുകളയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഇയാളില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകികളെന്ന് സംശയിക്കുന്ന ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് പുറത്തുവിട്ടിരുന്നു.

ബുഖാരിയുടെ കൊലപാതകത്തെ ഹുറിയത്ത് കോണ്‍ഫറന്‍സും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ചു. പാകിസ്താനും കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ അടക്കമുള്ള സംഘടനകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി.

ബാരാമുള്ളയില്‍ നടന്ന ബുഖാരിയുടെ സംസ്കാര ചടങ്ങില്‍ കനത്ത മഴയിലും ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News