ഇന്ന് ജി.എസ്.ടി ദിനം; വാര്‍ഷികാഘോഷം വിപുലമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
രാഷ്ട്രീയ ലാഭത്തിന് വേണ്ടി തിടുക്കപ്പെട്ട് നടത്തിയ തീരുമാനമായിരുന്നു ജി.എസ്.ടി പ്രഖ്യാപനം എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജി.എസ്.ടി നിലവില്‍ വന്നിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ദിനമായി ആഘോഷിക്കും. ഡല്‍ഹിയില്‍ വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 2017 ജൂണ്‍ 30ന് അര്‍ധരാത്രിയിലാണ് രാജ്യം ജി.എസ്.ടിയിലേക്ക് മാറിയത്.
സ്വാതന്ത്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരം എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ജി.എസ്.ടി പ്രഖ്യാപനം വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഘോഷത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പിയുഷ് ഗോയല്‍, സഹമന്ത്രി ശിവപ്രതാപ് ശുക്ല എന്നിവര്‍ പങ്കെടുക്കും.
കീഴ്വഴക്കമില്ലാത്ത രീതിയിലേക്ക് ഇന്ത്യന്‍ നികുതിദായകര്‍ മാറാന്‍ തയ്യാര്‍ ആണെന്നതിന്‍റെ ഉദാഹരണമാണ് ജി.എസ്.ടിയുടെ വിജയമെന്ന് ധനമന്ത്രാലയം പ്രതികരിച്ചു. ഇ വേ ബില്ലിലേക്ക് രാജ്യം മാറിയത് നികുതി വ്യവസ്ഥയിലെ കാതലായ മാറ്റമായിരുന്നു.
ഒരു ബില്ല് കൊണ്ട് രാജ്യത്ത് മുഴുവന്‍ ചരക്ക് നീക്കത്തിന് സാധ്യതയുറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തിടുക്കപ്പെട്ട് നടത്തിയ തീരുമാനമായിരുന്നു ജി.എസ്.ടി പ്രഖ്യാപനം എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതക്ക് എതിരെ പലയിടത്തും ഇപ്പോഴും പ്രതിഷേധം ശക്തമാണ്. സെന്‍ട്രല്‍ എക്സൈസ് ജീവനക്കാര്‍ ഇന്നത്തെ ആഘോഷ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.