പെണ്‍കുട്ടി ശിലയാകുമെന്ന് പ്രവചനം; കുട്ടിയെ മണിക്കൂറുകളോളം ക്ഷേത്രനടയിലിരുത്തി വീട്ടുകാര്‍

ഒടുവിൽ രാത്രി പതിനൊന്ന് മണിയായിട്ടും അത്ഭുതമൊന്നും സംഭവിക്കാത്തതിനാല്‍ പൂജാരി വീട്ടുകാരെയും നാട്ടുകാരെയും ശാസിച്ച് ഓടിച്ചുവിടുകയായിരുന്നു

Update: 2018-07-06 04:29 GMT
Advertising

പന്ത്രണ്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടി ശിലയാകുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ച് വീട്ടുകാർ കുട്ടിയെ ക്ഷേത്രനടയിലിരുത്തിയത് മണിക്കൂറുകൾ. ഒടുവിൽ രാത്രി പതിനൊന്ന് മണിയായിട്ടും അത്ഭുതമൊന്നും സംഭവിക്കാത്തതിനാല്‍ പൂജാരി വീട്ടുകാരെയും നാട്ടുകാരെയും ശാസിച്ച് ഓടിച്ചുവിടുകയായിരുന്നു. ട്രിച്ചി പുതുക്കോട്ട ജില്ലയിലുള്ള മണമേല്‍ക്കുടിയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. പെണ്‍കുട്ടി കല്ലായി മാറുന്നതു കാണാന്‍ വന്‍ ജനക്കൂട്ടവും ക്ഷേത്രപരിസരത്ത് തടിച്ചുകൂടിയിരുന്നു.

അഞ്ചാം ക്ലാസുകാരിയെയാണ് ക്ഷേത്രനടയ്ക്കല്‍ മണിക്കൂറുകളോളം ഇരുത്തിയത്. പാമ്പിനെയും പക്ഷികളെയും ദേവന്മാരെയും സ്വപ്നം കണ്ട് ഉണരാറുണ്ടെന്ന കാരണം പറഞ്ഞാണ് കുട്ടിയുടെ ജാതകവുമായി മാതാപിതാക്കൾ ജ്യോതിഷിയുടെ അടുത്തെത്തുന്നത്. ജാതകം പരിശോധിച്ച സ്വാമിജി കുട്ടി ദൈവത്തിന്റെ പ്രതിരൂപമാണെന്നും 12 വയസാകുമ്പോൾ അവൾ ശിലയായി മാറുമെന്നും പ്രവചിക്കുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കൾ മറ്റ് പല സ്വാമിമാരെയും കാണുകയും പ്രവചനം സ്ഥിരീകരിക്കുകയും ചെയ്തു.

ജൂലൈ 2ന് കുട്ടിയുടെ പന്ത്രണ്ടാം പിറന്നാളാഘോഷങ്ങള്‍ക്ക് ശേഷം ഇവർ വീട്ടിൽ പ്രത്യേകം പൂജകൾ നടത്തി. വൈകിട്ട് പട്ടുസാരി ഉടുപ്പിച്ച് തലയിൽ മുല്ലപ്പൂ ചൂടി കയ്യിൽ നിറയെ വളകൾ അണിയിച്ച് കുട്ടിയെ അണിയിച്ചൊരുക്കി. തുടർന്ന്, മണമേൽക്കുടി വടക്കുർ അമ്മൻ ക്ഷേത്രത്തിലെത്തിയ ഇവർ കുട്ടിയെ നടയിൽ ഇരുത്തുകയായിരുന്നു. മകൾ ദൈവമാകുന്നത് കാണാൻ മാതാപിതാക്കളും ജീവനുള്ള കുട്ടി കല്ലായി മാറുന്ന അത്ഭുത കാഴ്ച കാണാൻ നാട്ടുകാരും കാത്തിരുന്നു. ഇതിനിടയില്‍ ഭക്തി മൂത്ത ചില സ്ത്രീകൾ നൃത്തം ചെയ്യാനും തുടങ്ങി.

കാത്തിരിപ്പ് ആറു മണിക്കൂറുകൾ നീണ്ടു. രാത്രി 11 മണിയായതോടെ ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി ശിലയാകുന്നില്ലെന്ന് കണ്ടതോടെ ക്ഷേത്രത്തിലെ പൂജാരി മാതാപിതാക്കളെ ശകാരിക്കുകയും ക്ഷേത്ര പരിസരത്ത് നിന്നും പോകാൻ പറയുകയും ചെയ്തു. ഇതോടെ, മാതാപിതാക്കൾ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കുട്ടിയുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് മാതാപിതാക്കൾ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ശിശു സംരക്ഷണ വിഭാഗം ഓഫീസർ ഇളയരാജ പറഞ്ഞു.

Tags:    

Writer - ശ്യാം സോര്‍ബ

Writer

Editor - ശ്യാം സോര്‍ബ

Writer

Web Desk - ശ്യാം സോര്‍ബ

Writer

Similar News