ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.  

Update: 2018-07-08 02:24 GMT
Advertising

ഉന്നാവോയില്‍ ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിന്റെ സഹോദരന്‍ അടക്കം അഞ്ച്പേരാണ് കേസില്‍ പ്രതികള്‍. കേസന്വേഷണം ആരംഭിച്ച് നാളെ 90 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആത്മഹത്യാശ്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിങ് ആശുപത്രിയില്‍ വെച്ച് മരിച്ചു. കൊടിയ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാണ് കേസ്.

അന്വേഷണ ഉദ്യോഗസ്ഥനായ അനില്‍ കുമാറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനകേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സെനഗറിന്‍റെ സഹോദരന്‍ അതുല്‍ സെനഗര്‍ അടക്കം അഞ്ച് പ്രതികളാണ് കേസില്‍.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏപ്രില്‍ 13 ന് അറസ്റ്റിലായ എം എല്‍ എ സിതാപൂര്‍ ജയിലിലാണ്. അതുല്‍ സെനഗറും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. എം എല്‍ എ ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

Tags:    

Similar News