കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് തെറ്റിദ്ധരിച്ച് ഗൂഗിള്‍ ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
32കാരനായ മുഹമ്മദ് ആസാമാണ് കൊല്ലപ്പെട്ടത്. ഏറകുണ്ട സ്വദേശിയായ ആസാം ഗച്ചിബൌളിയില്‍ ഗൂഗിള്‍ ജീവനക്കാരനായിരുന്നു.
ഹൈദരാബാദില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ടെക്കിയെ തല്ലിക്കൊന്നു. കര്‍ണാടക ബിദാര്‍ ജില്ലയിലെ കമലനഗറിലാണ് സംഭവം. 32കാരനായ മുഹമ്മദ് ആസാമാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏറകുണ്ട സ്വദേശിയായ ആസാം ഗച്ചിബൌളിയില്‍ ഗൂഗിള്‍ ജീവനക്കാരനായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ബിദാറില്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയതായിരുന്നു ആസാം. ഖത്തര്‍ സ്വദേശിയായ ഒരു സുഹൃത്തും ഇവരോടൊപ്പം ഉണ്ടായിരുന്നു. പോകുന്ന വഴിയില്‍ കുറച്ചുനേരത്തെ വിശ്രമത്തിനായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരിടത്ത് നിര്‍ത്തി. കമല്‍നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗവണ്‍മെന്റ് സ്കൂളിനു മുന്നിലായിരുന്നു കാര്‍ നിര്‍ത്തിയത്.
സ്കൂളില്‍ നിന്നും പോകുകയായിരുന്ന കുട്ടികള്‍ക്ക് ഇവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ചോക്ലേറ്റ് നീട്ടി. ഇതോടെ കണ്ടുനിന്ന പരിസരവാസികള്‍ ഇവരെ ആക്രമിക്കാന്‍ വരികയായിരുന്നു. ഇവിടെ നിന്നും ഇവര്‍ കാറുമായി രക്ഷപ്പെട്ടെങ്കിലും മറ്റൊരിടത്ത് വെച്ച് ഗ്രാമവാസികള്‍ ഇവരെ തടഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മുഹമ്മദ് ആസാം കൊല്ലപ്പടുകയും ചെയ്തു.
മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ ആസാമിന് 2 വയസുകാരനായ ഒരു മകനുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആസാമിന്റെ ബന്ധുക്കള്‍ പറഞ്ഞു.