രാഹുലിന് പ്രധാനമന്ത്രിയാകാന്‍ ധൃതി; പരിഹാസവുമായി മോദി
തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല, പ്രതിപക്ഷത്തിന്റേത് നിഷേധാത്മകമായ രാഷ്ട്രീയമാണെന്നും മോദി
രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ധൃതിയെന്ന് നരേന്ദ്ര മോദിയുടെ പരിഹാസം. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല, ജനങ്ങള്‍ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷം വികസനത്തിന് എതിരാണ്. പ്രതിപക്ഷത്തിന്റേത് നിഷേധാത്മകമായ രാഷ്ട്രീയമാണെന്നും മോദി കുറ്റപ്പെടുത്തി.
ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മോദി. പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും എന്തിനായിരുന്നു അവിശ്വാസപ്രമേയമെന്ന് മോദി ചോദിച്ചു. നാല് കൊല്ലത്തെ വികസന നേട്ടത്തിന്‍റെ അന്തസിലാണ് താന്‍ ഇവിടെ നില്‍ക്കുന്നത്. വികസന വിരോധികളെ തുറന്നുകാട്ടാന്‍ ഈ അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി. അവിശ്വാസ പ്രമേയം സഭയൊന്നാകെ തള്ളിക്കളയണമെന്നും മോദി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. റാഫേല്‍ കരാര്‍ തുറന്ന പുസ്തകമാണ്. റാഫേല്‍ ഇടപാട് പ്രതിപക്ഷം വളച്ചൊടിക്കുന്നു. പ്രതിരോധമന്ത്രിക്കെതിരെ പ്രതിപക്ഷം ഉപയോഗിച്ചത് മോശം വാക്കുകളാണ്. സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ പോരാടിയെന്നും മോദി അവകാശപ്പെട്ടു.