ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രം 

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Update: 2018-07-24 01:44 GMT
Advertising

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കേന്ദ്രം നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് കേന്ദ്രത്തിന്റെ നടപടി. ഇതിന്റെ ഭാഗമായി ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാല് അംഗ ഉന്നതതല സമിതി രൂപീകരിച്ചു. ‌നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

‌ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ അക്ബര്‍ ഖാനെന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുക കൂടി ചെയ്തതോടെ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ കേന്ദ്രം വേഗത്തിലാക്കിയത്. ഇതിനായി ആഭ്യന്തര സെക്രട്ടറി രാജീവ് ചൌബയുടെ നേതൃത്വത്തില്‍ നാലംഗ സമിതി രൂപീകരിച്ചു. ഈ സമിതി നാലാഴ്ചക്കുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉന്നത സമിതിക്ക് നിര്‍ദേശങ്ങള്‍ കൈമാറും. ഇവ പഠിച്ച ശേഷം മന്ത്രിതല സമിതി പ്രധാനമന്ത്രിക്ക് ശിപാര്‍ശകള്‍ സമര്‍പ്പിക്കും.

രാജ്നാഥ് സിങിന് പുറമെ സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, തവാര്‍ ചന്ദ് ഗെഹ്ലോട്ട് എന്നിവരാണ് മന്ത്രിതല സമിതിയിലെ അംഗങ്ങള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ടാക്രമണങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധാലുവാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈകൊള്ളുമെന്ന് പാര്‍ലമെന്‍റിലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News