ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ; വിധി വന്നത് 36 ദിവസത്തിനുള്ളില്‍

12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ട് അതിവേഗതയിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നത്

Update: 2018-07-28 10:23 GMT
Advertising

ഇന്ത്യയിലെ കോടതി നടപടികള്‍ ഒച്ചിഴയുന്നതു പോലെയാണെന്ന പരാതി ഇന്നും ഇന്നലെയും കേട്ടുതുടങ്ങിയതല്ല. എന്ത് കേസ് ആയാലും വിധി വരാന്‍ വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുന്നവരുമുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍, കാന്തി കോടതികള്‍ വെറും ദിവസങ്ങള്‍ കൊണ്ട് രണ്ടു ബലാത്സംഗക്കേസുകളില്‍ വിധി പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലാണ് കോടതികള്‍ വിധി പറഞ്ഞത്.

കാന്തി കോടതിയിലെ കേസില്‍, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു. 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ട് അതിവേഗതയിലാണ് നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്കുള്ള ശിക്ഷ ഗ്വാളിയോര്‍ ജില്ലയിലെ അതിവേഗ കോടതി, സംഭവം നടന്ന് 36 ദിവസത്തിനുള്ളില്‍ തന്നെ പ്രസ്താവിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വിശേഷിപ്പിച്ച് കൊണ്ടായിരുന്നു വിധി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 12 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജിതേന്ദ്ര കുഷ്വാ എന്ന പ്രതിക്ക് കോടതി വധശിക്ഷയും പുറപ്പെടുവിച്ചു. ഇതേസമയം, കാന്തി ജില്ലയിലെ പ്രത്യേക കോടതി, സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി രാജ്കുമാര്‍ കോളിനും വധശിക്ഷ വിധിച്ചു.

Tags:    

Similar News