റീജിയണല്‍ കോബ്രിഹന്‍സീവ് ഇക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കര്‍ഷക സംഘടനകള്‍
കരാര്‍ നടപ്പായാല്‍ ഇറക്കുമതി തീരുവയില്ലാതെ പാല്‍, ഗോതമ്പ്, പാമോയില്‍ അടക്കമുള്ള ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാം. ഇവക്ക് രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നവയേക്കാള്‍ കുറഞ്ഞ വിലയാകും ഉണ്ടാവുക.
ആസിയാന്‍ കരാറിന് ശേഷം രാജ്യത്തെ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന റീജിയണല്‍ കോബ്രിഹന്‍സീവ് ഇക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ് കരാറുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ആസിയാന്‍ രാജ്യങ്ങളടക്കം 16 രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണിത്. കരാറിലൂടെ അദാനിയെ സഹായിക്കാനാണ് നീക്കമെന്ന് രാഷ്ട്രീയ കിസാന്‍ സംഘ് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ചൈന, ആസ്ത്രേലിയ, ഇന്തോനേഷ്യ, മലേഷ്യ, തായ്‍ലാന്‍ഡ് തുടങ്ങിയ 16 രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണ് റീജിയണല്‍ കോബ്രിഹന്‍സീവ് ഇക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ്. ഈ കരാര്‍ നടപ്പായാല്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക വ്യാവസായിക ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഈടാക്കില്ല. പാല്‍, ഗോതമ്പ്, പാമോയില്‍ അടക്കം വിവിധ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടും. ഇവക്ക് രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നവയേക്കാള്‍ കുറഞ്ഞ വിലയാകും ഉണ്ടാവുക. കരാറിന്റെ ഗുണഭോക്താവ് അദാനി ഗ്രൂപ്പായിരിക്കുമെന്ന് ഹോങ്കോങില്‍ വച്ച് നടന്ന 23ാമത് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പ്രതികരിച്ചു.
ഏതെല്ലാം ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്തണമെന്ന അവസാനവട്ട ചര്‍ച്ച കൂടി പൂര്‍ത്തിയാക്കി ഡിസംബറോടെ കരാറില്‍ ഒപ്പുവക്കാനാണ് നീക്കം. 1998 -ല്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പിട്ട ആദ്യ സ്വതന്ത്ര വ്യാപാര കരാര്‍ തൊട്ട് പിന്നീട് വന്ന 13 കരാറുകള്‍ വരെ കാര്‍ഷിക വ്യാവസായിക മേഖലയെ തകര്‍ക്കുന്നവയായിരുന്നു. അതിനാല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്.