ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; ജഡ്ജിമാര്‍ ഇന്ന് പ്രതിഷേധമറിയിക്കും

ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും

Update: 2018-08-06 02:27 GMT
Advertising

ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിക്കും. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണത്തിനനുസരിച്ചാകും ജഡ്ജിമാര്‍ തുടര്‍ നീക്കം സംബന്ധിച്ച് തീരുമാനമെടുക്കുക.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന് ജനുവരി പത്തിനാണ് കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ജോസഫിന് സീനിയോറിയില്ലെന്നും ഹൈക്കോടതി പ്രാധിനിധ്യം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം ശിപാര്‍ശ മടക്കി. പിന്നീട് ജൂലൈ 16ന് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകള്‍ക്കൊപ്പം കെ.എം ജോസഫിന്‍റെ പേര് വീണ്ടും കൊളീജിയം ശിപാര്‍ശ ചെയ്തു. ഈ ശിപാര്‍ശയില്‍‍ ആദ്യ പേരുകാരന്‍ കെ.എം ജോസഫായിരുന്നു. പക്ഷേ സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയപ്പോള്‍ കെ.എം ജോസഫിന്‍റെ സ്ഥാനം ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും താഴെ മൂന്നാമത്. ഇതാണ് സുപ്രീംകോടതി ജഡ്ജിമാരില്‍ അമര്‍ഷമുണ്ടാക്കിയത്.

കേന്ദ്ര നടപടി കടുത്ത നീതികേടാണെന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവരുടെ വിലയിരുത്തല്‍. ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ഇടപെടലുകള്‍ അനുവദിക്കരുതെന്ന് ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെടും. ചൊവ്വാഴ്ച രാവിലെ 10.30നാണ് കെ.എം ജോസഫ് ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Writer - ബിന്ദു പുഷ്പന്‍

Writer

Editor - ബിന്ദു പുഷ്പന്‍

Writer

Web Desk - ബിന്ദു പുഷ്പന്‍

Writer

Similar News