സീനിയോറിറ്റി വിവാദത്തിനിടെ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കെ.എം ജോസഫിന്‍റെ സീനിയോറിറ്റി കുറച്ചെന്ന പരാതി ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരുടെ സത്യപ്രതിജ്ഞയും ഇന്ന്
സീനിയോറിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് കെ.എം ജോസഫ് ഇന്ന് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. കെ.എം ജോസഫിന്‍റെ സീനിയോറിറ്റി കുറച്ചെന്ന ജഡ്ജിമാരുടെ പരാതി ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് സിറ്റിംഗ് നടത്തുന്ന ഒന്നാം നമ്പര്‍ കോടതിയില്‍ രാവിലെ 10.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കെ.എം ജോസഫിനെ കേന്ദ്രം സീനിയോറിറ്റി കുറച്ചാണ് നിയമിച്ചത് എന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവരുടെ ആക്ഷേപം. ഇക്കാര്യത്തില്‍ ജഡ്ജിമാര്‍ക്കുള്ള പ്രതിഷേധം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലുമായി അദ്ദേഹം വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിക്കും വിനീത് ശരണിനും ശേഷം മൂന്നാമതായാണ് കെ.എം ജോസഫ് സത്യപ്രതിജ്ഞ ചെയ്യുക. ജൂലൈ പതിനാറിന് ലഭിച്ച കൊളീജിയം ശുപാര്‍ശയിലെ മൂന്ന് പേരുകളില്‍ സീനിയോറിറ്റി അനുസരിച്ച് നിയമനം നല്‍കുകയായിരുന്നു എന്നാണ് വിഷയത്തില്‍ കേന്ദ്രത്തിന്‍റെ മറുവാദം. ജഡ്ജിമാരായ ഇന്ദിര ബാനര്‍ജിയും വിനീത് ശരണും കെ.എം ജോസഫിന് രണ്ട് വര്‍ഷം മുന്‍പേ ഹൈക്കോടതിയില്‍ ജഡ്ജിമാരായി സേവനം ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.