16,000 രൂപക്ക് പെന്‍ഡ്രൈവ്, 63,000 രൂപക്ക് മഫ്ലറുകള്‍... വസുന്ധര രാജെയുടെ യാത്രക്ക് ബി.ജെ.പി ഒരു കോടി രൂപ പൊടിച്ചത് ഈവിധം
വസുന്ധര രാജെയുടെ ഗൗരവ് യാത്രാ ചെലവ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് ബി.ജെ.പി കണക്ക് വ്യക്തമാക്കിയത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നടത്തിയ ഗൗരവ് യാത്രയ്ക്ക് ബി.ജെ.പി നേതൃത്വം പൊടിച്ചത് ഒരു കോടിയിലേറെ രൂപ. ഈ മാസം നാലു മുതല്‍ 10 വരെ നടന്ന യാത്രയ്ക്കാണ് ഇത്രയും തുക ചെലവാക്കിയത്. ഗൗരവ് യാത്രയ്ക്ക് ഇത്രയും പണം എങ്ങനെ ചെലവായി എന്ന ചോദ്യത്തിന് ബി.ജെ.പിയുടെ പക്കല്‍ 'കൃത്യമായ' കണക്കുമുണ്ട്.
വസുന്ധര രാജെയുടെ ഗൗരവ് യാത്രാ ചെലവ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് ബി.ജെ.പി കണക്ക് വ്യക്തമാക്കിയത്. രാജെയുടെ യാത്രക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ യാത്രയുടെ കണക്ക് സമര്‍പ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്നിയോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
ബി.ജെ.പി കോടതിയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം 1.10 കോടി രൂപയാണ് ഗൗരവ് യാത്രയ്ക്ക് ചെലവായത്. ഇതില്‍ ടെന്റ് ഹൌസുകള്‍ക്കായി മാത്രം 41.30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 38.98 ലക്ഷം രൂപ ബാനറുകളും കട്ടൌട്ടുകളും അടക്കമുള്ള പ്രചാരണത്തിന് ചെലവായി. പരസ്യങ്ങള്‍ക്ക് വേണ്ടി പൊടിച്ചത് 25.99 ലക്ഷം രൂപയാണ്. പാര്‍ട്ടി ഗാനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി 16,000 രൂപക്കാണ് പെന്‍ഡ്രൈവുകള്‍ വാങ്ങിയത്. അവയില്‍ ഗാനങ്ങള്‍ ചേര്‍ക്കാന്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ചു.
പ്രവര്‍ത്തകര്‍ക്ക് പ്രത്യേക തൊപ്പികള്‍ തയാറാക്കാനായി 32,568 രൂപയും മാസ്കുകള്‍ക്ക് വേണ്ടി 20,000 രൂപയും കാവിയും പച്ചയും നിറത്തിലുള്ള മഫ്ലറുകള്‍ക്ക് വേണ്ടി 63,000 രൂപയും ചെലവാക്കി. വടികള്‍ക്ക് വേണ്ടി 26,000 രൂപയും കൊടികള്‍ക്ക് വേണ്ടി 1.7 ലക്ഷം രൂപയും ചെറിയ കട്ടൌട്ടുകള്‍ക്ക് വേണ്ടി 91,000 രൂപയും വലിയ കട്ടൌട്ടുകള്‍ക്ക് വേണ്ടി 13.38 ലക്ഷം രൂപയും പൊടിച്ചു. രാജെയുടെ രാജകീയ രഥമൊരുക്കാന്‍ 1.75 ലക്ഷം രൂപയും പെട്രോള്‍, ഡീസല്‍, ഭക്ഷണം ഇനത്തില്‍ 1.40 ലക്ഷം രൂപയുമാണ് ബി.ജെ.പി ചെലവാക്കിയത്.