“വാജ്പേയിയെ ജീവിച്ചിരുന്നപ്പോള്‍ അവഗണിച്ച ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പേര് ദുരുപയോഗിക്കുന്നു”
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ചത്തീസ്‍ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് അനന്തരവള്‍ കരുണ ആരോപണം ഉന്നയിച്ചത്.
ജീവിച്ചിരുന്നപ്പോള്‍ വാജ്പേയിയെ അവഗണിച്ച ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ചത്തീസ്‍ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് കരുണ ആരോപണം ഉന്നയിച്ചത്.
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി ഒരിക്കല്‍ പോലും വാജ്‌പേയിയുടെ പേര് ഉച്ചരിച്ചിട്ടില്ല. മോദി വാജ്പേയിയുടെ പേര് പറഞ്ഞത് സ്വാതന്ത്യ ദിനത്തിലാണ്. ആഗസ്റ്റ് 14ന് മോദി വാജ്‌പേയിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് മനസ്സിലാക്കിയാവാം ആഗസ്ത് 15ന് മോദി വാജ്പേയിയുടെ പേരി പരാമര്‍ശിച്ചതെന്നും കരുണ കുറ്റപ്പെടുത്തി.
വാജ്പേയിയുടെ വിലാപയാത്രയില്‍ മോദിയും അമിത് ഷായുമൊക്കെ അഞ്ച് കിലോമീറ്റര്‍ നടന്നു. അതിന് പകരം അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് രണ്ടടി നടക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് ഇവരുടെയെല്ലാം യഥാര്‍ഥ മുഖമെന്തെന്ന് മനസ്സിലാകും. വോട്ടിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും കരുണ ശുക്ല ആഞ്ഞടിച്ചു.
ലോക്സഭാ എംപിയായിരുന്ന കരുണ ശുക്ല 2014ല്‍ ബി.ജെ.പി വിട്ടു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണ് കരുണ.