ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: പൊലീസിന് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്
ആക്ടിവിസ്റ്റുകളെ സെപ്തംബര്‍ അഞ്ച് വരെ വീട്ടുതടങ്കലില്‍ വെക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.
ആക്ടിവിസ്റ്റുകളെ സെപ്തംബര്‍ അഞ്ച് വരെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകര്‍. സുപ്രീം കോടതി ഇടപെടല്‍ മഹാരാഷ്ട്ര പൊലീസ് കെട്ടിച്ചമച്ച വ്യാജ കേസുകള്‍ക്കുള്ള തിരിച്ചടിയാണെന്നും ഇവര്‍ വിലയിരുത്തുന്നു. ആക്ടിവിസ്റ്റുകള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് പൂനെ പൊലീസ്.
അപ്രതീക്ഷിതമായ തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്നും മഹാരാഷ്ട്ര പൊലീസിനുണ്ടായത്. അപൂര്‍വ്വമായ നടപടിയിലൂടെ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ സ്വന്തം വീടുകളില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടതോടെ അന്വേഷണത്തിന്റെ ഭാഗമായി യുഎപിഎ പോലുള്ള നിയമങ്ങള്‍ ചുമത്തി ജയിലിലടക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. കേസ് അഞ്ചാം തീയ്യതി പരിഗണിക്കുമ്പോള്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് വ്യക്തമാക്കേണ്ടി വരും. ഇതുകൊണ്ട് തന്നെയാണ് സുപ്രീം കോടതി ഇടപെടലിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരായി കണ്ടെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇന്നലെ തയ്യാറായിട്ടില്ല. ഇതെല്ലാം, അറസ്റ്റ് തെളിവുകള്‍ ഇല്ലാതെയാണ് നടത്തിയതെന്ന നിഗമനത്തിലേക്കാണെത്തിക്കുന്നത്. അതേസമയം ആക്ടിവിസ്റ്റുകള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് പൂനെ പൊലീസ്.
അറസ്റ്റിനെതിരായ പ്രതിഷധം ഇന്നും തുടരുകയാണ്. ഡല്‍ഹിയില്‍ വൈകിട്ട് ജന്‍ അധികാര്‍ ആന്തോളന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും.