അരുന്ധതി റോയ് - അരുന്ധതി റോയ്
ആക്‍ടിവിസ്റ്റ്, എഴുത്തുകാരി. മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്.
ആഗസ്റ്റ് 28ന് അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തകരുമായി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പീപിൾസ് യൂനിയൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്, പീപിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്, വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് ആൻറ് സ്റ്റേറ്റ് റിപ്രഷൻ എന്നീ സംഘടനകൾ ചേർന്ന് വ്യാഴാഴ്ച ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയി നടത്തിയ പ്രസ്താവന. ഗുജറാത്ത് എം.എൽ.എ ജിഗ്‍നേഷ് മേവാനി, സാമൂഹ്യപ്രവർത്തകരായ അരുണാ റോയ്, ബെസ്വാദാ വിൽസൺ, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ മുതലായവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് രാവിലെ (ആഗസ്റ്റ് 30) പുറത്തു വന്ന പത്രങ്ങളിലൂടെ കുറേ കാലമായി നമ്മൾ ചർച്ച ചെയ്തുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് കൃത്യമായ ഒരു മറുപടി ലഭിച്ചു. ‘അറസ്റ്റു ചെയ്യപ്പെട്ടവർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിലെ അംഗങ്ങൾ എന്ന് പോലീസ് കോടതിയോട്’ എന്ന തലക്കെട്ടോടെ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധിക്കുക. സ്വന്തം പോലീസ് പോലും “ഫാഷിസ്റ്റ്” എന്ന് വിളിക്കുന്ന ഒരു ഭരണകൂടത്തെയാണ് നാം എതിരിടുന്നതെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞു. ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷമാവുക എന്നത് ഒരു കുറ്റകൃത്യമാണ്. കൊല്ലപ്പെടുക എന്നത് ഒരു കുറ്റകൃത്യമാണ്. ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുക എന്നത് ഒരു കുറ്റകൃത്യമാണ്. ദരിദ്രരാവുക എന്നത് ഒരു കുറ്റകൃത്യമാണ്. ദരിദ്രരെ സംരക്ഷിക്കാൻ ശ്രമിക്കുക എന്നത് സർക്കാരിനെ അട്ടിമറിക്കാനുള്ള ഒരു നീക്കമാണ്.
കെട്ടിച്ചമച്ച കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂനെ പോലീസ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള അറിയപ്പെട്ട സാമൂഹ്യപ്രവർത്തകരുടെയും കവികളുടെയും അഭിഭാഷകരുടെയും പുരോഹിതന്മാരുടെയും വീടുകൾ പരിശോധിക്കുകയും അതിൽ അഞ്ച് പേരെ ഒരു തെളിവും കൂടാതെ അറസ്റ്റ് ചെയ്യുകയും ചെയ്താൽ അത് വൻ പ്രതിഷേധത്തിന് വഴി വെക്കുമെന്ന് സർക്കാരിന് നല്ല ബോധ്യമുണ്ട്. നമ്മുടെ ഇടയിൽ നിന്ന് ഉണ്ടാവാൻ സാധ്യതയുള്ള പ്രതികരണണങ്ങൾ, ഈ പത്രസമ്മേളനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളുമടക്കം, സർക്കാർ മുന്നിൽ കണ്ടിട്ടുണ്ടാകും. പിന്നെയിതെന്തിനു വേണ്ടി?
ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷമാവുക എന്നത് ഒരു കുറ്റകൃത്യമാണ്. കൊല്ലപ്പെടുക എന്നത് ഒരു കുറ്റകൃത്യമാണ്. ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുക എന്നത് ഒരു കുറ്റകൃത്യമാണ്. ദരിദ്രരാവുക എന്നത് ഒരു കുറ്റകൃത്യമാണ്.
ജനങ്ങൾക്കിടയിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമുള്ള സ്വീകാര്യതക്ക് വൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ പുറത്തുവന്ന പല സർവേകളും സൂചിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തിലേക്കാണ് നമ്മൾ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഒന്നിച്ചു വരാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പിളർത്താനുമുള്ള എല്ലാ തരത്തിലുള്ള ഭയാനകമായ നീക്കങ്ങളും ഇവരുടെ ഭാഗത്തു നിന്നുണ്ടാകും. അറസ്റ്റുകൾ, കൊലപാതകങ്ങൾ, ആൾക്കൂട്ടകൊലപാതകങ്ങൾ, ബോംബ് ആക്രമണങ്ങൾ, കലാപങ്ങൾ- ഇങ്ങനെ നിലയ്ക്കാത്ത അഭ്യാസപ്രകടനങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ കാണാൻ പോവുന്നത്. തെരഞ്ഞെടുപ്പുകളെ എല്ലാ തരത്തിലുള്ള അക്രമങ്ങളുടെയും കാലമായി കാണാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന സിദ്ധാന്തത്തോടൊപ്പം ഇന്ന് മറ്റൊരു സിദ്ധാന്തം കൂടി ചേർക്കാം- “ശ്രദ്ധ തിരിച്ച് ഭരിക്കുക”. ഇനി തെരഞ്ഞെടുപ്പ് എത്തുന്ന സമയം വരെ അടുത്ത ഇടിത്തീ എപ്പോഴാണ്, ഏതു വിധത്തിലാണ് നമ്മുടെ മേൽ വീഴുക എന്ന് പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ ഏത് ഇടിത്തീ വീണാലും എത്ര വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയാലും നമ്മുടെ ശ്രദ്ധ മാറിപ്പോവാൻ പാടില്ലാത്ത ചില യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഒന്ന്, 2016 നവംബർ 8ന് അർദ്ധരാത്രിയിൽ 80 ശതമാനം കറൻസി നോട്ടുകളെയും നിരോധിച്ചു കൊണ്ടുള്ള തന്റെ പ്രഖ്യാപനവുമായി പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ വന്നിട്ട് ഒരു വർഷവും ഒമ്പതു മാസങ്ങളുമായി. അദ്ദേഹത്തിന്റെ സ്വന്തം മന്ത്രിമാർ പോലും അന്ന് ചകിതരായിപ്പോയി. അന്ന് നിരോധിക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനവും തിരികെ വന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. കറൻസി നിരോധം ജി.ഡി.പിയിൽ ഒരു ശതമാനത്തിന്റെ ഇടിവ് വരുത്തിയെന്നും 15 ലക്ഷത്തോളം ആളുകളുടെ തൊഴിൽ നഷ്ടപ്പെടാൻ കാരണമായി എന്നും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ നോട്ടുകൾ അച്ചടിക്കാൻ തന്നെ കോടിക്കണക്കിന് രൂപയുടെ ചെലവ് വന്നു. കറൻസി നിരോധത്തിനു ശേഷം ചരക്കു സേവന നികുതി വരികയും ചെറുകിട വ്യവസായങ്ങളെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു.
അറസ്റ്റുകൾ, കൊലപാതകങ്ങൾ, ആൾക്കൂട്ടകൊലപാതകങ്ങൾ, ബോംബ് ആക്രമണങ്ങൾ, കലാപങ്ങൾ- ഇങ്ങനെ നിലക്കാത്ത അഭ്യാസപ്രകടനങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ കാണാൻ പോവുന്നത്
അതേ സമയം, ബി.ജെ.പിയുമായി അടുത്തു നിൽക്കുന്ന പല വൻകിട വ്യവസായികളുടെയും സമ്പത്ത് അധികരിച്ചു. വിജയ് മാല്യയെയും നീരവ് മോഡിയെയും പോലുള്ള വ്യവസായികൾ കോടിക്കണക്കിന് രൂപയുമായി നാടു കടന്നപ്പോൾ സർക്കാർ മുഖം തിരിച്ചു കൊടുത്തു. ഇതിനൊക്കെ അവർ എന്നെങ്കിലും ഉത്തരം നൽകുമോ?
മാത്രമല്ല, 2019 തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി കൂടിയായി മാറിയിരിക്കുകയാണ് ബി.ജെ.പി. ഇതിനു പുറത്താണ് രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സമ്പത്തിന്റെ ഉറവിടം വെളുപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കാണിക്കുന്ന പുതിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ കൂടി വരുന്നത്.
രണ്ട്, 2016ൽ മോദി മുംബൈയിൽ വെച്ച് ‘മെയ്ക് ഇൻ ഇന്ത്യ’ മുന്നേറ്റം ഉദ്ഘാടനം ചെയ്തപ്പോൾ അതേ വേദിയിലെ സാംസ്കാരിക പന്തൽ അഗ്നിക്കിരയായത് പലർക്കും ഓർമ്മയുണ്ടാകും. എന്നാൽ ‘മെയ്ക് ഇൻ ഇന്ത്യ’ എന്ന ആശയത്തെ ശരിക്കും കത്തിച്ചുകളഞ്ഞത് റാഫേൽ വിമാന ഇടപാടാണ്. സ്വന്തം പ്രതിരോധ മന്ത്രി പോലും അറിഞ്ഞില്ലെന്ന് തോന്നിക്കുന്ന വിധത്തിൽ പാരീസിൽ വെച്ചാണ് പ്രധാനമന്ത്രി കരാറിനെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. പരിപൂർണമായ ചട്ടലംഘനമാണ് അവിടെ നടന്നത്. ഇടപാടിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്കറിയൂ- 2012ൽ യു.പി.എ സർക്കാർ ഒപ്പു വെച്ച കരാർ പ്രകാരം വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറോനോടിക്സ് ലിമിറ്റഡ് ഇവിടെ വെച്ച് സംയോജിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ അന്നത്തെ കരാർ മുഴുവനായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കരാറിനെക്കുറിച്ച് പഠിച്ച കോൺഗ്രസ് പാർട്ടിയും മറ്റുള്ളവരും സങ്കൽപങ്ങൾക്കപ്പുറമുള്ള അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ആരോപിക്കുന്നുണ്ട്. ഇന്നേ വരെ ഒരു വിമാനം പോലും നിർമ്മിച്ചിട്ടില്ലാത്ത റിലയൻസ് ഡിഫൻസ് ലിമിറ്റഡിന് കരാറിൽ ഇടം നൽകിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു ജോയിൻറ് പാർലമെൻററി കമ്മിറ്റി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയൊന്ന് നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുമോ? അതോ മറ്റെല്ലാത്തിനെയും പോലെ ഈ വിമാനങ്ങളെയും നമ്മൾ അപ്പാടെ വിഴുങ്ങണോ?
മൂന്ന്, മാധ്യമപ്രവർത്തകയായ ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന കർണാടക പോലീസ് അതിൽ സനാദൻ സൻസ്താ പോലുള്ള പല ഹിന്ദുത്വ സംഘടനകൾക്കുമുള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കൊല്ലപ്പെടുത്തേണ്ടവരുടെ പട്ടികകൾ, ഒളിതാവളങ്ങൾ, ആയുധങ്ങൾ, ആളുകളെ വിഷം കൊടുത്തും ബോംബിട്ടും മറ്റും കൊലപ്പെടുത്താനുള്ള പദ്ധതികൾ- എല്ലാമടങ്ങുന്ന ഒരു തീവ്രവാദി സംഘടന തന്നെയാണ് വെളിച്ചത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ എത്ര സംഘടനകളുണ്ട്? അധികാരികളുടെയും ചിലപ്പോൾ പോലീസിന്റെയും ആശീർവാദങ്ങളുള്ള ഇത്തരം സംഘടനകൾ എന്തൊക്കെയാണ് പദ്ധതിയിടുന്നത്? യഥാർത്ഥത്തിലുള്ള ആക്രമങ്ങളെയും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന ആക്രമങ്ങളെയും എങ്ങനെ വേർതിരിച്ചറിയും? അത് അയോധ്യയിലായിരിക്കുമോ? കശ്മീർ, കുംഭമേള... ??? വളർത്തു മൃഗങ്ങളെ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ കാര്യങ്ങൾ തകിടം മറിക്കാൻ എന്തെളുപ്പമാണ്. അതു പോലെ തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്ന അറസ്റ്റുകളും.
യഥാർഥത്തിലുള്ള ആക്രമങ്ങളെയും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ നടത്തുന്ന ആക്രമങ്ങളെയും എങ്ങനെ വേർതിരിച്ചറിയും? അത് അയോധ്യയിലായിരിക്കുമോ? കശ്മീർ, കുംഭമേള... ???
നാല്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം. വർഷങ്ങളായി നല്ല പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സർവകലാശാലകളെ ക്ഷയിപ്പിക്കുകയും കടലാസിൽ മാത്രമുള്ള സർവകലാശാലകൾക്ക് സഹായം നൽകുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ഏറ്റവും വിഷമിപ്പിക്കുന്ന കാര്യവും ഇതുതന്നെയായിരിക്കും. നമ്മുടെ കൺമുന്നിൽ വെച്ചാണ് ജവഹർലാൽ നെഹ്റു സർവകലാശാല പൊളിച്ചുമാറ്റപ്പെടുന്നത്. അവിടെയുള്ള വിദ്യാർത്ഥികളും അധ്യാപകരും നിരന്തരമായ അക്രമങ്ങൾക്ക് ഇരയാവുകയാണ്. വിദ്യാർത്ഥികളുടെ ജീവനു പോലും അപകടമുണ്ടാക്കുന്ന രീതിയിലുള്ള നുണകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നതിൽ പല ടെലിവിഷൻ ചാനലുകളും ഉത്സാഹത്തോടെ പങ്കാളികളായിട്ടുണ്ട്. ഉമർ ഖാലിദ് എന്ന ചെറുപ്പക്കാരനായ പണ്ഡിതനു നേരെ നടന്ന വധശ്രമം വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ഇതിനൊപ്പമാണ് ചരിത്രത്തെ വളച്ചൊടിക്കാനും പാഠ്യപദ്ധതികളെ മൂഢവത്കരിക്കാനുമുള്ള ശ്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിൻറ അനന്തരഫലങ്ങൾ കുറച്ചു വർഷങ്ങൾ കഴിഞ്ഞാലാണ് ശരിയായ വിധത്തിൽ കാണാൻ സാധിക്കുക. അപ്പോഴേക്കും ഒരിക്കലും തിരിച്ചു കൊണ്ടുവരാൻ സാധിക്കാത്ത വിധത്തിലുള്ള ബുദ്ധിമാന്ദ്യത്തിലേക്ക് രാജ്യം ഇറങ്ങി പോയിട്ടുണ്ടാകും.
വിദ്യാഭ്യാസരംഗത്തെ വർദ്ധിച്ചു വരുന്ന സ്വകാര്യവത്കരണം സംവരണത്തിലൂടെ നേടിയ ചെറിയ പുരോഗമനത്തെ പോലും ഇല്ലാതാക്കി തുടങ്ങിയിട്ടുണ്ട്. കോർപറേറ്റ് വസ്ത്രങ്ങൾ തുന്നിക്കൊടുത്ത് വിദ്യാഭ്യാസത്തെ വീണ്ടും ബ്രാഹ്മണവത്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഫീസ് താങ്ങാനാവാത്തതിനാൽ ദലിതുകളും ആദിവാസികളും ഒ.ബി.സി വിഭാഗങ്ങളും ഒരിക്കൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുകയാണ്.
അഞ്ച്, കാർഷിക മേഖലയിലെ തീവ്രമായ പ്രതിസന്ധി, വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യകൾ, മുസ്‍ലിംകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ആൾകൂട്ട കൊലപാതകങ്ങള്‍, ദലിതുകൾക്കു നേരെയുള്ള നിരന്തര ആക്രമണങ്ങൾ, ചാട്ടവാറടികൾ, സവർണർക്കെതിരെ ശബ്ദമുയർത്താൻ ധൈര്യം കാണിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റ്, എസ്.സി, എസ്.ടി ആക്ടിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ.
ഇത്രയും ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ ഇപ്പോൾ നടന്ന അറസ്റ്റുകളിലേക്ക് കടക്കുകയാണ്.
ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേരിൽ (സുധാ ഭരദ്വാജ്, ഗൌതം നവ്ലാക, അരുൺ ഫെറേറ, വെർണൻ ഗോൺസാൽവസ്, വരവര റാവു) ഒരാൾ പോലും 2017 ഡിസംബർ 31ന് നടന്ന എൽഗാർ പരിഷദിലോ അതിനു തൊട്ടടുത്ത ദിവസം ഭീമ-കൊറേഗാവ് സംഭവം അനുസ്മരിക്കാൻ വേണ്ടി മൂന്നു ലക്ഷത്തോളം വരുന്ന ആളുകൾ അണിനിരന്ന ജാഥയിലോ പങ്കെടുത്തിട്ടില്ല (ബ്രിട്ടീഷുകാരുമായി ചേർന്ന് ദലിതുകൾ ചൂഷകരായ പെശവാ ഭരണാധികാരികളെ തോൽപിച്ച ചരിത്രസംഭവമാണ് ഭീമ-കൊറേഗാവ്. ദലിതുകൾ അഭിമാനത്തോടെ അനുസ്മരിക്കുന്ന ചുരുക്കം ചില ചരിത്രസംഭവങ്ങളിലൊന്ന്). ജസ്റ്റിസ് സാവന്ത്, ജസ്റ്റിസ് കോൽസെ പട്ടേൽ എന്നീ ബഹുമാന്യരായ രണ്ട് മുൻ ന്യായാധിപരാണ് പരിഷദ് സംഘടിപ്പിച്ചത്. ജാഥ ആക്രമിക്കപ്പെടുകയും അതിനു ശേഷം ദിവസങ്ങളോളം സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. മുഖ്യ പ്രതികളായ മിലിന്ദ് എക്ബോതെയും ശംബാജി ബിദെയും ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. അവരുടെ അനുയായികളിലൊരാൾ നൽകിയ എഫ്.ഐ.ആർ പ്രകാരം പോലീസ് അഞ്ച് സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തു- റോണാ വിൽസൺ, സുധീർ ധാവ്ലെ, ഷോമാ സെൻ, മിഹിർ റാവുത്ത്, സുരേന്ദ്ര ഗാഡ്ലിങ്. ജാഥയിൽ ആക്രമം അഴിച്ചുവിട്ടുവെന്നും നരേന്ദ്ര മോദിയെ വധിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ എന്ന കരിനിയമം ചുമത്തപ്പെട്ട് തടവിലാണെങ്കിലും ഭാഗ്യകരമായ വസ്തുക അവർക്കിതു വരെ ഇശ്‍റത്ത് ജഹാനെയും സൊഹ്റാബുദ്ദീനെയും കൌസർ ഭീയെയും പോലെ വിചാരണക്ക് മുൻപ് ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നതാണ്.
ആദിവാസികൾക്ക് നേരെയും ഇപ്പോൾ ദലിതുകൾക്ക് നേരെയും നടക്കുന്ന ആക്രമങ്ങൾ ‘മാവോയിസ്റ്റുകൾ’ അല്ലെങ്കിൽ ‘നക്സലുകൾ’ക്ക് നേരെയുള്ള ആക്രമങ്ങളായി ചിത്രീകരിക്കാൻ കോൺഗ്രസും ഇപ്പോൾ ബി.ജെ.പിയും ശ്രദ്ധിച്ചിട്ടുണ്ട്. മുസ്‍ലിംകളെ പോലെ ദലിതുകളും ആദിവാസികളും തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളിൽ നിന്ന് മുഴുവനായും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നതാണ് ഇതിന് കാരണം. ആദിവാസികളെയും ദലിതുകളെയും ഇപ്പോഴും വോട്ടു ബാങ്കുകളായി തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ വീക്ഷിക്കുന്നത്. ‘മാവോയിസ്റ്റുകൾ’ എന്ന് വിളിക്കുന്നതിലൂടെ ദലിത് പോരാട്ടങ്ങളെ വിലകുറച്ചു കാണുകയും അതിന് മറ്റൊരു പേര് നൽകുകയുമാണ് അധികാരികൾ ചെയ്യുന്നത്. എന്നാൽ തങ്ങൾ ‘ദലിത് വിഷയങ്ങളിൽ’ താത്പര്യം കാണിക്കുന്നു എന്ന തോന്നലും ഇതിന്റെ കൂടെ സൃഷ്ടിച്ചെടുക്കാൻ അവർക്ക് സാധിക്കുന്നു. ആയിരക്കണക്കിന് ദരിദ്രരായ ആളുകളാണ് ഇന്ന് തങ്ങളുടെ വീടിനും ഭൂമിക്കും അഭിമാനത്തിനും വേണ്ടിയുടെ പോരാട്ടത്തിൽ തടവു ശിക്ഷയനുഭവിക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള മാരകമായ ആരോപണങ്ങൾ ചാർത്തി വിചാരണ പോലുമില്ലാതെ അവരെ തടവറകളിൽ പാർപ്പിച്ചിരിക്കുകയാണ്.
ഈ പത്ത് പേരും അറസ്റ്റു ചെയ്യപ്പെട്ടതോടെ നിരാലംബരായ അനവധി വിഭാഗങ്ങൾക്ക് നീതിയും കോടതിയിൽ പ്രാതിനിധ്യവും ലഭിക്കാനുള്ള ഏക വഴിയും കൂടിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സൽവാ ജുദൂം എന്ന സ്വകാര്യ സൈന്യം ബസ്തറിൽ ആവിർഭവിക്കുകയും ആളുകളുടെ കൊലപ്പെടുത്തിയും വീടുകൾ അഗ്നിക്കിരയാക്കിയും താണ്ഡവമാടുകയും ചെയ്തപ്പോൾ ചത്തീസ്ഗഢിലെ പീപിൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസിന്റെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഡോക്ടർ ബിനായക് സെൻ ഇരകൾക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹം തടലിവായപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സുധാ ഭരദ്വാജ് ഏറ്റെടുത്തു. ബസ്തറിലെ അർധസൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ച പ്രൊഫസർ സായിബാബ ബിനായക് സെനിനു വേണ്ടി സംസാരിച്ചു. അവർ സായ്ബാബയെ അറസ്റ്റു ചെയ്തപ്പോൾ റോണാ വിൽസൺ അവർക്കു വേണ്ടി സംസാരിച്ചു. റോണാ വിൽസണെയും സുരേന്ദ്ര ഗാഡ്ലിങിനെയും അവർ കൊണ്ടുപോയപ്പോൾ സുധാ ഭരദ്വാജും ഗൌതം നവ്ലാക്കയും മറ്റും അവർക്കു വേണ്ടി എഴുന്നേറ്റു നിന്നു... ഇങ്ങനെ തുടർന്നു പോകുന്നു.
ആക്രമിക്കപ്പെടുന്നവർ ഒരു ഭാഗത്ത് നിശബ്ദരാക്കപ്പെടുന്നു. ശബ്ദിക്കാൻ ധൈര്യപ്പെടുന്നവർ തടവറയിൽ അടച്ചിടപ്പെടുന്നു. നമ്മുടെ രാജ്യം തിരികെ പിടിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ.
അരുന്ധതി റോയി
ആഗസ്റ്റ് 30, 2018
പരിഭാഷ: സയാന്‍ ആസിഫ്