ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് ബി.ജെ.പി എം.എല്‍.എയുടെ മകന്റെ ഭീഷണി 

Update: 2018-09-03 14:04 GMT
Advertising

കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ വധഭീഷണിയുമായി ബി.ജെ.പി എം.എല്‍.എയുടെ മകന്‍. എം.എല്‍.എ ഉമാദേവി കാത്തികയുടെ മകന്‍ പ്രദീപ് ലാല്‍ചന്ദ് കാത്തികാണ് സിന്ധ്യക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ലാല്‍ചന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതിന് പിന്നാലെ മകനെ തള്ളി എം.എൽ.എ രംഗത്തെത്തി.

മധ്യപ്രദേശിലെ ഹാട്ടയിൽ സെപ്റ്റംബർ അഞ്ചിന് കോണ്ഗ്രസ് റാലിയിൽ പങ്കെടുക്കാൻ സിന്ധ്യ എത്തുന്നുണ്ട്. ഹാട്ടയിൽ കാലുകുത്തിയാല്‍ വെടിവെച്ചുവീഴ്ത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുന്നു. ഝാൻസി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളിലുള്ളത്. അതിനാൽ ഹാട്ടയിൽ കാലുകുത്തരുതെന്നും കാലുകുത്തിയാൽ നിങ്ങളോ ഞാനോ കൊല്ലപ്പെടുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം സംഭവം നിർഭാഗ്യകരമെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പ്രതികരിച്ചു. എന്നാല്‍ എം.എല്‍.എയുടെ മകനെതിരെ കേസെടുക്കണമെന്ന് കോണ്ഗ്ര്സ് ആവശ്യപ്പെട്ടു.

Tags:    

Similar News