രൂപയുടെ മൂല്യം തകര്‍ന്നടിയുന്നു; ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 72.12 രൂപ
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 9 പൈസ തിരിച്ചുപിടിച്ച് രൂപ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.
രൂപയുടെ വിനിമയ മൂല്യം തകര്‍ന്നടിയുന്നു. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 72 കടന്നു. ഉച്ചക്ക് ശേഷം ഡോളറിന് 72.12 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലെ 71.97 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയ ശേഷം വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ 22 പൈസ തിരിച്ച് പിടിച്ചെങ്കിലും ഇന്ന് വീണ്ടും മൂല്യം കൂപ്പുകുത്തുകയായിരുന്നു.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 9 പൈസ തിരിച്ചുപിടിച്ച് രൂപ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.75 ആയിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. എന്നാല്‍ ഇന്ന് ഉച്ചയോടെ മൂല്യം 72 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കെത്തി. അവിടെ നിന്ന് വീണ്ടും 12 പൈസയുടെ മൂല്യം നഷ്ടപ്പെട്ട് 72.12 രൂപയില്‍ വ്യാപാരം എത്തി.
ചുരുക്കത്തില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ വിനിമയ മൂല്യം ഈ വാരം 73 രൂപവരെ എത്തിയേക്കുമെന്ന കണക്ക് കൂട്ടലില്‍ ചില വ്യാപാരികള്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നത് രൂപക്ക് തിരിച്ചടിയാകുന്നതായി വിലയിരുത്തലുണ്ട്. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 27 സെന്റ് കുറഞ്ഞ് ബാരലിന് 77 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഇന്ത്യക്ക് നേരിയ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്.