ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗം ഇന്ന് വൈകീട്ട്

കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ ഭാരവാഹി യോഗത്തിൽ വ്യക്തമാക്കി. ആ ശപഥം തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ഭാരവാഹികളോട് പറഞ്ഞു.

Update: 2018-09-08 07:56 GMT
Advertising

പൊതു തെരഞ്ഞെടുപ്പിനും നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി ചേരുന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് ഡല്‍ഹിയില്‍ വൈകിട്ടോടെ തുടക്കമാകും. ദളിത് വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കല്‍‌, അസം പൌരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തേക്കും.

ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് മുന്നോടിയായുള്ള ഭാരവാഹി യോഗം പുരോഗമിക്കുകയാണ്. കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം നിലനിർത്തുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ ഭാരവാഹി യോഗത്തിൽ വ്യക്തമാക്കി. ആ ശപഥം തകർക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ഭാരവാഹികളോട് പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബി.ജെ.പി ഭരിക്കുന്ന 3 സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന മിസോറാമും ഇക്കൊല്ലം ജനവിധി തേടും. കൂട്ടത്തില്‍ തെലങ്കാനയും ഉണ്ടായേക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍‌ നല്‍കുന്ന സൂചനകള്‍.

ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ബി.ജെ.പി യുടെ 95 അംഗ നിര്‍‌വ്വാഹകസമിതി വിലയിരുത്തും. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങള്‍ ശരിപ്പടുത്തുന്നത് സംബന്ധിച്ചും ഇന്ന് തുടങ്ങുന്ന ദേശീയ നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. രാജ്യത്തെ ദളിത് സമൂഹത്തിന് പാര്‍ട്ടിയോടുള്ള അകല്‍ച്ച കുറക്കാനുള്ള നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ഇതിനകം സജീവമാക്കിയിട്ടുണ്ട്. പക്ഷേ വേണ്ടത്ര ഫലം കണ്ടിട്ടില്ല. സുപ്രീം കോടതി ദുര്‍ബ്ബലപ്പെടുത്തിയ എസ്.എസി എസ്.ടി നിയമം ശക്തിപ്പെടുത്താന്‍‌ വീണ്ടും ഭേദഗതി കൊണ്ടുവന്നതും ഒടുവില്‍ ഈ നിര്‍വ്വാഹക സമിതിയോഗം ഡല്‍ഹി അംബേദ്കര്‍ ഇന്‍‌റര്‍ നാഷണല്‍ സെന്ററിലേക്ക് മാറ്റിയത് പോലും ഇത്തരം നീക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലുണ്ട്.

അതേസമയം ദളിത് വിഭാഗത്തോട് അടുക്കാനുള്ള ശ്രമം ബി.ജെ.പിയുടെ പരന്പരാഗ വോട്ട് ബാങ്കായ ഉയര്‍‌ന്ന ജാതിക്കാരില്‍ അമര്‍ഷം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം നിര്‍വ്വാഹകസമിതി പരിശോധിക്കും. അസമിലെ പൌരത്വ രജിസറ്റര്‍ വിഷയവും യോഗം ചര്‍ച്ച ചെയ്യും.

Tags:    

Similar News