ഹെെദരാബാദ് ഇരട്ട സ്ഫോടനം; രണ്ടു പേര്‍ക്ക് വധശിക്ഷ, ഒരാള്‍ക്ക് ജീവപര്യന്തം
2007 ല്‍ നടന്ന ഹെെദരാബാദ് ഇരട്ട സ്ഫോടനത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്
44 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ട സഫോടനക്കേസില്‍ രണ്ട് പ്രതികൾക്ക് വധശിക്ഷ. കേസിൽ കുറ്റക്കാരായി കണ്ടെത്തിയ അനീഖ് സയ്യിദ്, അക്ബർ ഇസ്മായിൽ ചൗധരി എന്നിവരെയാണ് എൻ.എെ.എ പ്രത്യക കോടതി വധശിക്ഷക്ക് വിധിച്ചത്. കേസിലെ മൂന്നാം പ്രതിയായ താരിഖ് അൻജുമിന് ജീവപര്യന്തം തടവ് ലഭിച്ചു. പതിനൊന്ന് വർഷം നീണ്ട വിചാരണക്കൊടുവിലാണ് കോടതിയുടെ സുപ്രധാന വിധി.
2007 ലാണ് ഹെെദരാബാദ് ലുംബിനി പാർക്ക്, ഗോകുൽ ചാട്ട് എന്നിടങ്ങളിലായി സ്ഫോടനമുണ്ടാകുന്നത്. ഇരു സ്ഫോടനങ്ങളിലുമായി 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടന ശേഷം വിവിധയിടങ്ങളിൽ നിന്നായി 19 ബോംബുകള്‍ പോലിസ് കണ്ടെടുക്കുകയുണ്ടായി. ഇന്ത്യൻ മുജാഹിദാണ് സ്ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തിയ അന്വേഷണ സംഘം അഞ്ചു പേരെയാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, കേസിൽ പ്രതികളായി പിടിച്ച മുഹമ്മദ് സാദിഖ്, അൻസാർ അഹമ്മദ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട മറ്റു മൂന്ന് പ്രതികളായ റയാസ് ബട്കൽ, ഇഖബാൽ ബട്കൽ, അമീർ റാസ എന്നിവർ ഒളിവിലാണ്.