മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്: സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ 17 വരെ നീട്ടി
ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി നീട്ടുന്നത്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സെപ്തംബര്‍ പതിനേഴ് വരെ നീട്ടി. അറസ്റ്റ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയുടേതാണ് തീരുമാനം. ഹരജികളില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി നീട്ടുന്നത്. കഴിഞ്ഞ മാസം 28നായിരുന്നു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലായത്. 29ന് സുപ്രിംകോടതി അറസ്റ്റിന് ഭാഗിക സ്റ്റേ നല്‍കി, സാമൂഹ്യപ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കി. ഈ മാസം അഞ്ചിന് വീണ്ടും കേസ് പരിഗണിച്ച കോടതി ഇന്ന് വരെ വീട്ടുതടങ്കല്‍ നീട്ടി ഉത്തരവിട്ടു. ഇന്ന് വീണ്ടും കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതോടെയാണ് വീട്ടുതടങ്കലും തിങ്കളാഴ്ചവരെ നീട്ടിയത്.
തിങ്കളാഴ്ച വാദം കേട്ടതിന് ശേഷം മാത്രമെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഭീമ കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായി എന്നതുള്‍പ്പെടേയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക സുധാ ഭരദ്വാജ്, കവി വരവര റാവു, മാധ്യമപ്രവര്‍ത്തകന്‍ ഗൌതം നവലക തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് സ്വീകരിച്ച നടപടികളെ സുപ്രിംകോടതിയും മുംബൈ ഹൈക്കോടതിയും നേരത്തെ വിമര്‍ശിച്ചിരുന്നു.