‘ഉപ്പയെ അവർ ജീവനോടെ ചുട്ടുകൊന്നു’; ഗുജറാത്ത് വംശഹത്യയുടെ ദിനങ്ങൾ ഇഹ്‌സാൻ ജാഫ്രിയുടെ മകൾ ഓർത്തെടുക്കുന്നു
അഭിഭാഷകനും കവിയും കോൺഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാൻ ജാഫ്രി 2002 ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് അക്രമകാരികളാൽ കൊലചെയ്യപ്പെടുകയായിരുന്നു
എന്റെ പേര് നിഷ്‌റിൻ ഹുസൈൻ. മധ്യപ്രദേശിലെ ഖന്ദ്‌വാ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ മാതാപിതാക്കളുടെ ജന്മനാടാണത്. തൊട്ടടുത്ത റുസ്തംപുർ ഗ്രാമത്തിൽ കൃഷിപ്പണിക്കാരനായിരുന്നു എന്റെ വല്ലിപ്പ. എന്റെ ഉപ്പയുടെ പിതാവ് ബുർഹാൻപൂരിൽ നിന്നുള്ള ഒരു ഡോക്ടറായിരുന്നു. അദ്ദേഹം പിന്നീട് കുടുംബസമേതം അഹമ്മദാബാദിലേക്ക് താമസം മാറി. എന്റെ ഉമ്മ സാകിയ ജാഫ്രി വീടെന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന ആ മഹാ നഗരത്തിലേക്ക്.
അക്രമാസക്തരായ ജനക്കൂട്ടം കൊന്നും, കൊലവിളിച്ചും, തീവെച്ചും, കവർച്ച നടത്തിയും പാഞ്ഞടുക്കവെ എന്റെ മാതാപിതാക്കളും വല്ലിപ്പയും വല്ലുമ്മയും അമ്മാവനും അമ്മായിയും മറ്റനേകം മുസ്‌ലിംകളോടൊപ്പം ജീവനും കയ്യിൽ പിടിച്ച് ഓടി. ഇരുട്ടിലൂടെ. എങ്ങോട്ടെന്നറിയാതെ. തീവണ്ടിപ്പാളത്തിലൂടെ ഒരുപാട് മുന്നോട്ട് നടന്ന അവർ അതുവഴി വന്ന ഒരു കൽക്കരി വണ്ടിയിൽ കയറിപ്പറ്റി. വംശഹത്യയിൽ നിന്നും രക്ഷപ്പെട്ടോടുന്ന മറ്റനേകം മുസ്‍ലിംകളും അവർക്കൊപ്പം ആ കൽക്കരി വണ്ടിയിലുണ്ടായിരുന്നു
മറ്റേതൊരു കുടുംബത്തെയും പോലെ, എന്റെ ഉപ്പയുടെ കുടുംബവും ജോലിക്കും പഠനത്തിനുമിടയിൽ തട്ടിയും മുട്ടിയും കഷ്ടപ്പെട്ട് മുന്നോട്ട് പോവുകയായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളുമടങ്ങിയ കുടുംബങ്ങൾക്ക് നടുവിലുള്ള ആ ചെറിയ രണ്ടുമുറി വീട്ടിനുള്ളിൽ അവർ എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം അനുഭവിച്ചിരുന്നു. ഞങ്ങളുടെ പ്രദേശത്തെ ബൈക്കുകൾ നന്നാക്കുന്ന ചെറിയ കടയുടെ ഉടമസ്ഥൻ കുബേർ സേതിനും, ചെറിയ പലചരക്ക് കട നടത്തിയിരുന്ന രാമ സേതിനും കണക്കെഴുത്തിൽ സഹായിയായി ജോലി ചെയ്തിട്ടാണ് വക്കീൽ ഭാഗം പഠിക്കുകയായിരുന്ന എന്റെ ഉപ്പ ചിലവിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ഒരു സാധാരണ ഇന്ത്യൻ കുടുംബം മാത്രമായിരുന്നു ഞങ്ങളുടേതും. മറ്റൊരു വ്യത്യാസവുമുണ്ടായിരുന്നില്ല, ഞങ്ങൾ മുസ്‌ലിംകളായിരുന്നു എന്നതൊഴിച്ച്.
1969 ലെ ഗുജറാത്ത് വംശഹത്യ ചിന്തിക്കാൻ കഴിയാത്തത്ര നാശനഷ്ടമാണ് ഞങ്ങളുടെ കുടുംബത്തിൽ വരുത്തിവച്ചത്. അന്ന് രാത്രി ഞങ്ങൾക്ക് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ഓർത്തെടുക്കെ എന്റെ ഉമ്മ പറയാറുള്ളത് അവരുടെ ആകെയുള്ള വിവാഹ ഫോട്ടോ പോലും അലമാരയിൽ നിന്ന് എടുക്കാനുള്ള നേരമുണ്ടായിരുന്നില്ല എന്നാണ്. അക്രമാസക്തരായ ജനക്കൂട്ടം കൊന്നും, കൊലവിളിച്ചും, തീവെച്ചും, കവർച്ച നടത്തിയും പാഞ്ഞടുക്കവെ എന്റെ മാതാപിതാക്കളും വല്ലിപ്പയും വല്ലുമ്മയും അമ്മാവനും അമ്മായിയും മറ്റനേകം മുസ്‌ലിംകളോടൊപ്പം ജീവനും കയ്യിൽ പിടിച്ച് ഓടി. ഇരുട്ടിലൂടെ. എങ്ങോട്ടെന്നറിയാതെ. തീവണ്ടിപ്പാളത്തിലൂടെ ഒരുപാട് മുന്നോട്ട് നടന്ന അവർ അതുവഴി വന്ന ഒരു കൽക്കരി വണ്ടിയിൽ കയറിപ്പറ്റി. വംശഹത്യയിൽ നിന്നും രക്ഷപ്പെട്ടോടുന്ന മറ്റനേകം മുസ്‍ലിംകളും അവർക്കൊപ്പം ആ കൽക്കരി വണ്ടിയിലുണ്ടായിരുന്നു.
ഒരു സാധാരണ ഇന്ത്യൻ കുടുംബം മാത്രമായിരുന്നു ഞങ്ങളുടേതും. മറ്റൊരു വ്യത്യാസവുമുണ്ടായിരുന്നില്ല, ഞങ്ങൾ മുസ്‌ലിംകളായിരുന്നു എന്നതൊഴിച്ച്
കലാപകാരികൾ തീവെച്ച മുസ്‍ലിം വീടുകളിൽ നിന്നുയർന്ന തീജ്വാലകളുടെ വെളിച്ചം ഇന്നും എന്റെ കണ്ണുകളിലുണ്ട്. ഒരു അഞ്ചു വയസ്സുകാരി പെൺകുട്ടിക്ക് അന്ന് കാണാൻ കഴിഞ്ഞ ഏക വെളിച്ചവും അത് മാത്രമായിരുന്നു. ഒറ്റ രാത്രി കൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ വീടും നാടും അന്യമായി. എല്ലാം അവർ കത്തിച്ചു ചാമ്പലാക്കി. പിന്നീടുള്ള ഞങ്ങളുടെ ജീവിതം അഹമ്മദാബാദിലെ മലേക്സ്ബാൻ സ്റ്റേഡിയത്തിലെ അഭയാർത്ഥി ടെന്റുകളിലേക്കും ഭക്ഷണത്തിന് വേണ്ടിയുള്ള നീണ്ട വരികളിലേക്കും പറിച്ചുനടപ്പെട്ടു.
ജനിച്ചുവീണ സ്വന്തം രാജ്യത്ത്, അതും ഒരു ജനാധിപത്യ രാജ്യത്ത്, എനിക്ക് അഭയാർത്ഥി ആകേണ്ടിവന്നത് ഏതെങ്കിലും പ്രകൃതി ദുരന്തം കൊണ്ടല്ല- മറിച്ച്, മുസ്‍ലിംകൾക്കെതിരെ ഉണ്ടാക്കിയെടുത്ത വെറുപ്പ് കാരണമാണ്. വെറുപ്പിന്റെ രാഷ്ട്രീയവും ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും പോലെ വെറുപ്പിന്റെ വ്യാപാരികളും ഉണ്ടാക്കിയെടുത്ത വിദ്വേഷവും വംശീയതയും കൂടിക്കലർന്ന വെറുപ്പ്.
എന്റെ ഉപ്പയും അദ്ദേഹത്തിന്റെ കുടുംബവും സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന ആളുകളായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ മറ്റു പ്രതിഷേധ പരിപാടികളിലൊക്കെ പങ്കെടുത്തതിന്റെ പേരിൽ എന്റെ വല്ലിപ്പയും ഉപ്പയും അമ്മാവനും അമ്മായിയുമൊക്കെ ജയിലിൽ കിടന്നിട്ടുണ്ട്.
1969 ലെ വംശഹത്യക്ക് ശേഷം അഹമ്മദാബാദിലേക്ക് തന്നെ തിരിച്ചുപോകണമെന്നും ഞങ്ങളുടെ വീട് പുനർ നിർമ്മിക്കണമെന്നുമൊക്കെ എന്റെ ഉപ്പ ദൃഢനിശ്ചയം ചെയ്തിരുന്നു. ആ തീരുമാനം അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. കുടുംബത്തിനും അയൽവാസികളോടും കൂടെ ഞങ്ങളുടെ വീട് ചാരത്തിൽ നിന്നും പുനർനിർമ്മിക്കാൻ അദ്ദേഹം പുറപ്പെട്ടു. കുബേർ സേത്തും രാമ സേത്തും അവരുടെ കടകൾക്ക് പിന്നിലുള്ള ചെറിയ മുറിയിൽ എന്റെ മാതാപിതാക്കളെ പാർപ്പിച്ചു. എന്റെ ഉപ്പയുടെ പരിശ്രമങ്ങൾക്കൊടുവിൽ, 1969 ന് ശേഷം ഞങ്ങൾ വീണ്ടും പുതിയ ജീവിതം ആരംഭിച്ചു. വളർന്നു കൊണ്ടിരിക്കെ ഞങ്ങൾ കുട്ടികൾ അയല്പക്കത്തെ ആളുകളുമായി സൗഹാർദം സ്ഥാപിച്ചു, ഒരുമിച്ച് സ്കൂളിൽ പോയി, കല്യാണങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുത്തു. 1983 ൽ എന്റെ വിവാഹത്തിന് ശേഷം ഞാൻ അമേരിക്കയിലേക്ക് പോയി. എന്റെ കുട്ടികൾ അവരുടെ വേനലവധികൾ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ അഹമ്മദാബാദിൽ ചിലവഴിച്ചു.
എന്റെ ഉമ്മ എപ്പോഴും പറയാറുണ്ടായിരുന്നു, എന്റെ അച്ഛന്റെ ദൃഢനിശ്ചയവും ആരോ സംഭാവന ചെയ്ത അടുക്കളപ്പാത്രങ്ങളും ഉള്ളപ്പോൾ ഞങ്ങൾക്ക് മറ്റൊന്നും ആവശ്യമില്ലെന്ന്. 2002 ൽ, എന്റെ അച്ഛന്റെ കൂടെ ചാരമാകുന്നത് വരെ, ഈ അടുക്കളപ്പാത്രങ്ങൾ ഗുൽബർഗ് സൊസൈറ്റിയിലെ ഞങ്ങളുടെ വീട്ടിൽ വൃത്തിയായി സൂക്ഷിച്ചുവെച്ചിരുന്നു. അതെ, ഞാൻ ഇന്ത്യയെകുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. എന്റെ രാജ്യത്തെ കുറിച്ച്. എന്റെ നാടായ അഹമ്മദാബാദിനെ കുറിച്ച്.
ആ ദിവസത്തിന്റെ ഭീകരതയെ എന്റെ മനസ്സ് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. ആർ.എസ്.എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആളുകൾ 73 കാരനായ എന്റെ അച്ഛൻ ഇഹ്‌സാൻ ഹുസൈൻ ജാഫ്രിയെ വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ച ആ ദിവസം. 2002 ഫെബ്രുവരി 28 നായിരുന്നു മനസാക്ഷിയെ നടുക്കുന്ന ആ സംഭവം. അവരദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ ഏതാനും വാര മാത്രം അകലെ ഒരു വാനിൽ പൊലീസുകാർ ഉണ്ടായിരുന്നു, ഒന്നും ചെയ്യാതെ നിഷ്ക്രിയരായി, അവർ അദ്ദേഹത്തെ കൊന്നു എന്ന് ഉറപ്പിക്കാൻ കാത്തുനിൽക്കുന്നത് പോലെ. ജീവനുള്ളപ്പോൾ തന്നെ അവർ അദ്ദേഹത്തിന്റെ കൈകളും കാലുകളും മുറിച്ചുമാറ്റി. തലക്കടിച്ചാണ് അവർ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അദ്ദേഹത്തിന്റെ തല ഒരു ത്രിശൂലത്തിൽ കുത്തിനിർത്തിക്കൊണ്ട് അവർ നഗരം മുഴുവൻ പ്രദക്ഷിണം വെച്ചു. അപ്പോഴവർ "ജയ് ശ്രീ റാം, ജയ് ശ്രീ കൃഷ്ണ" എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവർ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ കത്തിക്കുന്ന സമയത്ത് മറ്റുള്ളവർ കൊലയും കൊള്ളയും നടത്തി, പിഞ്ചു കുഞ്ഞുങ്ങളെ പോലും ക്രൂരമായ ബലാത്സംഗത്തിനിരയാക്കി, സ്ത്രീകളെയും പുരുഷന്മാരെയും കുഞ്ഞുങ്ങളെയും പച്ചക്ക് തീകൊളുത്തി. തീപിടിച്ച ശരീരങ്ങളുമായി കുഞ്ഞുങ്ങൾ വെള്ളടാങ്കുകളിലേക്ക് പ്രാണവേദനയോടെ എടുത്തുചാടി. ഒരു സമുദായത്തിലെ പ്രായം കുറഞ്ഞവരും പ്രായമായവരുമൊക്കെ വെട്ടിനുറുക്കപ്പെടുകയും ചാരമാക്കപ്പെടുകയും ചെയ്തു.
ആ ഒറ്റദിവസം കൊണ്ട് ഒടുങ്ങിയില്ല വംശഹത്യ. സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പിയുടെ പിന്തുണയോടെ രാഷ്ട്രീയക്കാരും വ്യാജ വാർത്തകളും ജനങ്ങളുടെ മനസ്സിലുണ്ടാക്കിയ വെറുപ്പിന്റെ തീയിൽ ഗുജറാത്ത് മുഴുവൻ ആളിക്കത്തി. ഗുൽബർഗ് സൊസൈറ്റിയും നരോദ പാട്യയുമടക്കം ഗുജറാത്തിലെ സകല ഗ്രാമങ്ങളിലെയും കിണറുകളിൽ അവർ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കൊണ്ടുവന്നിട്ടു, കലാപത്തിന്റെ തെളിവുകളൊന്നും അവശേഷിക്കാതിരിക്കാൻ വേണ്ടി. അന്ന് ഭൂമിക്ക് മുകളിലും ആകാശത്തിന് ചുവട്ടിലും വീടുകൾക്കുള്ളിലുമുള്ള സകല ദൈവങ്ങളും കണ്ണടച്ചു. ആരും ഒന്നും കണ്ടതായി നടിച്ചില്ല.
ഗുജറാത്ത് മുഴുവനും കത്തിച്ചാമ്പലായപ്പോഴും സ്ത്രീകളും കുട്ടികളും സഹായം ചോദിച്ചു തെരുവിലൂടെ ഓടിയപ്പോഴും പൊലീസുകാർ കയ്യുംകെട്ടി നോക്കിനിന്നു. കലാപത്തിന്റെ ഇരകളെ രക്ഷിക്കാൻ അവർക്ക് ഉത്തരവ് കിട്ടിയിരുന്നില്ലത്രേ. വിശദമായ അന്വേഷണത്തിന് ശേഷം, ബി.ജെ.പിയുടെ ഭരണത്തിന് കീഴിൽ 2002 ൽ ഗുജറാത്തിൽ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങൾ ഹ്യൂമൻ റൈറ്സ് വാച്ചും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇത്തരമൊരു സംഭവം അരങ്ങേറുക എന്നത് അചിന്തനീയമാണ്. എന്നാൽ, ഇന്ത്യയിലുടനീളം ഇത്തരം കിരാത സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. രാഷ്ട്രീയത്തിനും അധികാരത്തിനും വേണ്ടി നമ്മൾ അധഃപതനത്തിന്റെ പാതാളക്കുഴി വരെ ചെന്നെത്തിയിരിക്കുന്നു. എന്റെ അച്ഛനൊരു അഭിഭാഷകനും രാഷ്ട്രീയക്കാരനും കവിയും ഒക്കെയായിരുന്നു. ഇന്ത്യയെ കുറിച്ച് ഒരിക്കൽ അദ്ദേഹം എഴുതി:
“ഹർ ദിൽ മെ മുഹബത് കി ഉഖുവത്ത് കി ലഗൻ ഹേ
യെ മേരാ വത്വൻ മേരാ വത്വൻ മേരാ വത്വൻ ഹേ”
രാഷ്ട്രീയം വെറുപ്പിന്റെ കളിയാണ്. ഹിന്ദുവിനും മുസ്ലിമിനുമിടയിൽ വെറുപ്പുണ്ടാക്കിക്കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. ഈ സ്ഥിതിവിശേഷം അവസാനിക്കണം. മതേതര രാജ്യമാണ് ഇന്ത്യ. നമ്മുടെ പ്രപിതാക്കൾ മനോഹരമായ ഒരു ഭരണഘടന സംവിധാനിച്ചിട്ടുണ്ട്. അത് ഉയർത്തിപ്പിടിക്കണം നമ്മൾ.
ഗുജറാത്ത് കലാപത്തിനിടെ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ പാർലമെന്റ് അംഗം ഇഹ്‌സാൻ ഹുസൈൻ ജാഫ്രിയുടെയും സാകിയ ജാഫ്രിയുടെയും മകൾ നിഷ്‌റിൻ ഹുസൈൻ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.