Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ജൗൻപൂരിൽ 17 വയസുകാരനെ തല വെട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തി. രാംജീത് യാദവിൻ്റെ മകൻ അനുരാഗാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമിത്തർക്കത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടത്. അറുത്തുമാറ്റിയ തല മടിയിൽവച്ച് കുട്ടിയുടെ അമ്മ മണിക്കൂറുകളോളം ഇരിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.
ഗൗരബാദ്ഷാപൂർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള കബിറുദ്ദീൻ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലി നാല് പതിറ്റാണ്ടുകളായി രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്ന് ഇരു പക്ഷവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അക്രമിസംഘത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അനുരാഗിനെ പിന്തുടർന്ന് വെട്ടുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും വെട്ടിയ ആൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കുറ്റം ചെയ്തവർക്ക് സാധ്യമായ ഏറ്റവും വലിയ ശിക്ഷ നൽകുമെന്ന് ജൗൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു. ഇത് ഇരുകക്ഷികളും തമ്മിലുള്ള പഴയ ഭൂമി തർക്കമാണെന്നും, കേസ് സിവിൽ കോടതിയുടെ പരിഗണനയിലാണെന്നും തർക്കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.