ഗർഭിണിയായ സർക്കാർ ജീവനക്കാരിക്ക് അവധി നിഷേധിച്ചു; കുഞ്ഞ് മരിച്ചു

ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം

Update: 2024-10-30 12:25 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ഭുവനേശ്വർ: അവധി നിഷേധിച്ചതിനെ തുടർന്ന് ​ഗർഭിണിയായ സർക്കാർ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടമായി. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. വനിതാ ശിശുവികസന വകുപ്പിൽ ജോലി ചെയ്യുന്ന 26 കാരിയായ ബർഷ പ്രിയദർശിനിക്കാണ് ദുരനുഭവമുണ്ടായത്. ചൈൽഡ് ഡെവലപ്‌മെൻ്റ് പ്രൊജക്‌റ്റ് ഓഫീസർ (സിഡിപിഒ) സ്‌നേഹലത സാഹുവാണ് പ്രിയദർശിനിക്ക് അവധി നിഷേധിച്ചത്.

ഈ മാസം 25ന് ആയിരുന്നു ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ പ്രിയദർശിനിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെടുന്നത്. തുടർന്ന് സിഡിപിഒ സ്‌നേഹലത സഹുവിനോട് ‍അവധി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ അവധി നൽകാൻ തയ്യാറായില്ല. ഓഫീസിലെ മറ്റ് ജീവനക്കാരോട് തന്നെ ആശുപത്രിയിൽ എത്തിക്കാൻ പ്രിയദർശിനി ആവശ്യപ്പെട്ടെങ്കിലും സ്‌നേഹലത സാഹു അത് പരിഗണിക്കാൻ തയ്യാറായില്ല.

തുടർന്ന് വീട്ടുകാരെ വിവരമറിയിച്ചതിന് ശേഷം അവർ ഓഫീസിലെത്തി പ്രിയദർശിനിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചുതന്നെ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു.

'കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സിഡിപിഒയുടെ പീഡനത്തിനിരയാണ്. ഞാൻ ഗർഭിണിയായതിന് ശേഷം അത് വർധിച്ചു. അതിൻ്റെ ആഘാതം എൻ്റെ കുഞ്ഞിനെ നേരിട്ട് ബാധിക്കുകയും മരണത്തിൽ കലാശിക്കുകയും ചെയ്തു. എനിക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു' എന്ന് പ്രിയദർശിനി പറഞ്ഞു. സ്‌നേഹലത സാഹുവിനെതിരെ കർശന നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയതായും പ്രിയദർശിനി കൂട്ടിച്ചേർത്തു.

സംഭവം വിവാദമാതോടെ സ്‌നേഹലത സാഹുവിനെ സിഡിപിഒ സ്ഥാനത്തു നിന്ന് നീക്കിയതായി ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു. സംഭവത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. എന്നാൽ സ്‌നേഹലത സാഹു ആരോപണങ്ങൾ നിഷേധിച്ചു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News