കടം വാങ്ങിയ 200 രൂപ കൊണ്ട് ലോട്ടറി എടുത്തു; ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ കിട്ടിയത് ഒന്നര കോടി

പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‍വി ഗ്രാമത്തിലെ മനോജ് കുമാറിനെയാണ് ഈ അത്യപൂര്‍വ്വ ഭാഗ്യം തേടിയെത്തിയത്. 

Update: 2018-09-13 06:28 GMT
Advertising

കടം വാങ്ങിയ പൈസ കൊണ്ട് എടുത്ത ലോട്ടറിക്ക് സമ്മാനം അടിക്കുക, അതും ഒന്നര കോടി. ഭാഗ്യമെന്നല്ലാതെ എന്താണ് പറയുക. പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‍വി ഗ്രാമത്തിലെ മനോജ് കുമാറിനെയാണ് ഈ അത്യപൂര്‍വ്വ ഭാഗ്യം തേടിയെത്തിയത്.

ഇഷ്ടികക്കളത്തില്‍ ജോലി ചെയ്തിരുന്ന മനോജ് കുമാറിനു ദിവസക്കൂലിയായി കഷ്ടിച്ചു ലഭിച്ചിരുന്നത് 250 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കണമെന്ന ആഗ്രഹം തോന്നിയെങ്കിലും കാശില്ലാത്തതു കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങി. ഭാഗ്യദേവത മനോജിനൊപ്പമായിരുന്നു. ഒന്നര കോടി രൂപയുടെ ബമ്പര്‍ സമ്മാനം മനോജ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്.

ലോട്ടറി അടിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മനോജ് ആദ്യം ചെയ്തത് കുടുംബത്തിലെ പ്രാരാബ്ധം മൂലം പഠനം ഉപേക്ഷിക്കുവാന്‍ തയാറെടുക്കുകയായിരുന്ന മൂത്ത മകളോട് തീരുമാനം മാറ്റാനായിരുന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേരണമെന്നു സ്വപ്നം കണ്ടിരുന്ന മകളോട് ഇനി ധൈര്യപൂര്‍വം മുന്നോട്ടു പോകാന്‍ മനോജ് പറഞ്ഞു. നഴ്‌സാകാന്‍ ലക്ഷ്യമിട്ടിരുന്ന രണ്ടാമത്തെ മകളോട് ഡോക്ടറാകുന്നതിനു വേണ്ടി പരിശ്രമിക്കാനും പറഞ്ഞു. നാല് മക്കളാണ് മനോജ് കുമാറിന്.

ലോട്ടറി അടിച്ചെങ്കിലും രോഗബാധിതനായ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ലല്ലോ എന്ന സങ്കടവുമുണ്ട്. ഈയിടെയാണ് മനോജിന്റെ അച്ഛന്‍ ഹവാ സിംഗ് മരിച്ചത്. അച്ഛന്റെ മരണത്തിന് ശേഷം വീണ്ടും മനോജ് ഇഷ്ടിക കളത്തില്‍ പണിക്ക് പോയി തുടങ്ങി. പക്ഷേ കൂടുതല്‍ സമയം ജോലി ചെയ്തിട്ടും 250 രൂപയില്‍ കൂടുതല്‍ കൂലി ലഭിച്ചില്ല. ആഗസ്ത് 30നാണ് മനോജിന് ലോട്ടറി അടിച്ച കാര്യം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരന്‍ അറിയിക്കുന്നത്. രണ്ട് മാസത്തിനകം ലോട്ടറി തുക ലഭിക്കും. ഇപ്പോള്‍ തന്നെ നല്ല കൃഷി സ്ഥലം തേടിയുള്ള അന്വേഷണത്തിലാണ് മനോജ് കുമാര്‍. ചില ബാങ്കുകാര്‍ തന്റെ വീടിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതായും മനോജ് പറഞ്ഞു. പുതിയൊരു വീട് വയ്ക്കുക, ബിസിനസ് തുടങ്ങുക ഇതൊക്കെയാണ് മനോജിന്റെ ആഗ്രഹങ്ങള്‍. തൊട്ടടുത്ത് താമസിക്കുന്ന മനോജിന്റെ മൂത്ത സോഹദരനെയും സാമ്പത്തികമായി സഹായിക്കുമെന്ന് ഭാര്യ രാജ് കൌര്‍ പറഞ്ഞു.

Tags:    

Similar News