തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ വ്യാപക അക്രമം
അക്രമത്തില്‍ ജെ.എന്‍.എസ്.യു മുന്‍ പ്രസിഡണ്ട് ഗീത കുമാരിയുള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എ.ബി.വി.പിയുടെ വ്യാപക അക്രമം. എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമത്തില്‍ ജെ.എന്‍.എസ്.യു (ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റുഡന്‍സ് യൂണിയന്‍) മുന്‍ ഭാരവാഹികളുള്‍പ്പെടേ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജെ.എന്‍.എസ്.യു പ്രസിഡന്റ് സായ് ബാലാജിയെ പൊലീസ് വാഹനം തടഞ്ഞാണ് അക്രമിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ജെ.എന്‍.എസ്.യു മുന്‍ ഭാരവഹാരി സൌരഭ് ശര്‍മയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ജെ.എന്‍.യു ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. ലാത്തികളും വടികളുമായായിരുന്നു സംഘത്തിന്റെ അക്രമം. അക്രമത്തില്‍ ജെ.എന്‍.എസ്.യു മുന്‍ പ്രസിഡണ്ട് ഗീത കുമാരിയുള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലവിലെ ജെ.എന്‍.എസ്.യു പ്രസിഡണ്ട് സായ് ബാലാജിയെ സംഘം കയ്യേറ്റം ചെയ്തു. ക്യാമ്പസിന്റെ ജനാധിപത്യ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് എ.ബി.വി.പി നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് മഹി മണ്ടവി ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. ഹോസ്റ്റലിനുള്ളിലാണ് പുറത്ത് നിന്നെത്തിയ എ.ബി.വി.പി ഗുണ്ടകള്‍ ആയുധങ്ങളുമായി താമസിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.