ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്നം പരിഹരിക്കാനാകാതെ ബിജെപി
ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകാതെ ബിജെപി. അമിത് ഷാ ഗോവയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിനായുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനായില്ല. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാന്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സാഹചര്യത്തില്‍ തത്ക്കാലം മുഖ്യമന്ത്രി സ്ഥാനത്ത് മനോഹര്‍ പരീക്കര്‍ തന്നെ തുടരട്ടെ എന്ന നിലപാട് സ്വീകരിച്ചേക്കും.
ഗോവയിലെ മൂന്ന് മുതിര്‍ന്ന നേതാക്കളും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കേന്ദ്ര നേതാക്കളുമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. എം ജി പി നേതാവും മന്ത്രിയുമായ സുധിന്‍ ദാവാലിക്കറിനെ ഡെപ്യൂട്ടി മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ്ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി. സര്‍ക്കാരിനെ നയിക്കാന്‍ ആരെയാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും അതിന് ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്നും ഘടകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പറഞ്ഞു. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി ആയത് കൊണ്ടാണ് തങ്ങള്‍ ബിജെപിയെ പിന്തുണച്ചതെന്നും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് ദുര്‍ഗാദാസ് കാമത്ത് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അസുഖബാധിതനായി ചിക്തസയില്‍ കഴിയുന്ന മനോഹര്‍ പരീക്കറിനെ ഉടനെ മാറ്റുന്നത് ഉചിതമാകില്ല എന്നതാണ് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എന്തായാലും ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ കൈക്കൊള്ളുമെന്ന് ഗോഗവയിലെ ബിജെപി നേതാക്കള്‍ അറിയിച്ചു.
അതേ സമയം അവസരം തന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. ഇതിനിടെ പ്രതിസന്ധിയിലായ ബിജെപിയെ പരിഹസിച്ച് എന്‍ ഡി എ ഘടകക്ഷിയായ ശിവസേന രംഗത്ത് വന്നു. ഗോവയിലെ ക്യാബിനറ്റ് ഐസിയുവില്‍ ആണെന്ന് പറഞ്ഞ ശിവസേന ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ദുര്‍ഗതിക്ക് ബിജെപി തന്നെയാണ് കാരണമെന്നും വിമര്‍ശിച്ചു. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ജനാധിപത്യത്തെ അപമാനിച്ച് സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു ബിജെപിയെന്നും ശിവസേന കുറ്റപ്പെടുത്തി.