ദേഷ്യം നിയന്ത്രിക്കൂ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ: ഭര്‍ത്താവിനോട് ഡല്‍ഹി വനിതാകമ്മീഷന്‍ അധ്യക്ഷ
കൂട്ടബലാത്സംഗക്കേസിലെ ഇരയ്ക്ക് ഹരിയാന സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം നല്‍കിയതിനെ വിമര്‍ശിച്ച് നവീന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ബലാത്സംഗം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ എ.എ.പി നേതാവ് നവീന്‍ ജെയ്ഹിന്ദിനോട് രോഷം നിയന്ത്രിക്കാന്‍ ഭാര്യയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മലിവാളിന്‍റെ നിര്‍ദേശം. കൂട്ടബലാത്സംഗക്കേസിലെ ഇരയ്ക്ക് ഹരിയാന സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം നല്‍കിയതിനെ വിമര്‍ശിച്ച് നവീന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബി.ജെ.പി നേതാക്കള്‍ ആരെങ്കിലും കൂട്ടബലാത്സംഗത്തിന് ഇരയായാല്‍ താന്‍ 20 ലക്ഷം രൂപ നല്‍കുമെന്നാണ് നവീന്‍ പറഞ്ഞത്.
നവീന്‍റെ പരാമര്‍ശത്തെ അപലപിച്ച സ്വാതി മലിവാള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. നവീന്‍റെ രോഷവും വേദനയും താന്‍ മനസ്സിലാക്കുന്നു. എന്നാല്‍ രോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്ന് സ്വാതി ആവശ്യപ്പെട്ടു.
ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19കാരിക്ക് 2 ലക്ഷം രൂപയാണ് ഹരിയാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. സ്ത്രീയുടെ മാനത്തിന് 2 ലക്ഷമാണോ വിലയെന്നായിരുന്നു നവീന്‍റെ ചോദ്യം. ഏതെങ്കിലും ബി.ജെ.പി നേതാവിനെ 10 പേര്‍ ബലാത്സംഗം ചെയ്താല്‍ താന്‍ 20 ലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞു. ഈ പരാമര്‍ശമാണ് വിവാദമായത്.