രാജസ്ഥാന്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്‍വേന്ദ്ര സിങ് എം.എല്‍.എ പാര്‍ട്ടി വിടുന്നു
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് വസുന്ധര രാജെ ഗൌരവ് യാത്ര നടത്തുകയാണ്.
രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രി ജസ്‍വന്ത് സിങിന്റെ മകനുമായ മന്‍വേന്ദ്ര സിങ് പാര്‍ട്ടി വിടുന്നു. രാജസ്ഥാനിലെ ബര്‍മെര്‍ ജില്ലയില്‍ ഇന്ന് നടക്കുന്ന സ്വാഭിമാന്‍ റാലിയില്‍ മന്‍വേന്ദ്ര ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ച്പദ്രയില്‍ നടക്കുന്ന റാലിയില്‍ മന്‍വേന്ദ്രയുടെ പിതാവ് ജസ്‍വന്ത് സിങും ആയിരക്കണക്കിന് അണികളും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി വിടുന്ന മന്‍വേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സൂചനകളുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് വസുന്ധര രാജെ ഗൌരവ് യാത്ര നടത്തുകയാണ്. ബി.ജെ.പിയുടെ പ്രതാപം കാണിക്കാനാണ് യാത്ര. എന്ത് പ്രതാപമാണ് ഈ യാത്രക്കുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സുരാജ് യാത്ര നടത്തിയിരുന്നു. പക്ഷേ ഈ അഞ്ച് വര്‍ഷം നിരപരാധികളായ എത്രയോ ആളുകളെയാണ് കള്ളക്കേസുകളില്‍ അവര്‍ കുടുക്കിയത്. ജയ്സാല്‍മീറിലും ബര്‍മെറിലുമായി എത്രയോ പേര്‍ ബാധിക്കപ്പെട്ടു. എന്നിട്ടാണ് ഇപ്പോള്‍ അവര്‍ പ്രതാപ യാത്ര നടത്തുന്നത്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുന്ന ദിവസം വരും. സ്വാഭിമാന്‍ റാലിയില്‍ കഴിയുന്നത്ര ആളുകള്‍ പങ്കെടുക്കണമെന്നും ചിത്ര സിങ് പറഞ്ഞു. ഇവിടുത്തെ ജനങ്ങള്‍ അഭിമാനബോധമുള്ളവരാണെന്ന് വസുന്ധരയെ ബോധ്യപ്പെടുത്തുമെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.