‘വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു; ഭര്‍ത്താവിനെ കൊലപ്പെടുത്തി’ ആര്‍മി മേജര്‍ക്കെതിരെ കേസ്
കഴിഞ്ഞ 3 മാസത്തോളമായി ഗൌരവിന്റെ വീടിനോട് ചേര്‍ന്ന സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സിലാണ് യുവതി ഭര്‍ത്താവിനും രണ്ടു വയസായ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്നത്.
ഡല്‍ഹിയില്‍ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും പീഡനം ചോദ്യം ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ ആര്‍മി ഓഫീസര്‍ക്കെതിരെ കേസ്. ആര്‍മി മേജര്‍ ഗൌരവിനെതിരെയാണ് യുവതിയുടെ പരാതി.
ജൂലൈ 12ന് രാത്രിയോടെയാണ് സംഭവം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവദിവസം രാത്രി 10മണിയോടെ യുവതിയുടെ ഭര്‍ത്താവിനെ പുറത്തേക്ക് പറഞ്ഞുവിട്ട ഗൌരവ് യുവതിയോട് ഗൌരവിന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച യുവതിയെ ഇയാള്‍ അടിക്കുകയും വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ തിരിച്ചെത്തിയ യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിക്കുന്നത് കാണുകയും, ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആദ്യം ഭീഷണി മുഴക്കിയ ഗൌരവ് പിന്നീട് ഇയാളെ കൊലപ്പെടുത്തിയെന്നും കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തതായും യുവതി എഫ്.ഐ.ആറില്‍ പറയുന്നു.
കഴിഞ്ഞ 3 മാസത്തോളമായി ഗൌരവിന്റെ വീടിനോട് ചേര്‍ന്ന സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സിലാണ് യുവതി ഭര്‍ത്താവിനും രണ്ടു വയസായ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്നത്. പാചകവും വീട് വൃത്തിയാക്കലും അടക്കമുള്ള വീട്ടുജോലികളാണ് യുവതി ചെയ്തിരുന്നത്. യുവതിയുടെ ഭര്‍ത്താവിനും ഇവിടെത്തന്നെ പുറം പണികളും മറ്റും ചെയ്യുന്ന ജോലിയായിരുന്നു.