ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ ഭയക്കുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍

എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളെ ഉള്‍കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മുന്നണിയെ കൂടുതല്‍ വിശാലമാക്കാനുള്ള ആലോചനകളാണ് ആദ്യ ഘട്ടത്തില്‍ നടന്നത്

Update: 2018-10-01 16:24 GMT
താഹിര്‍ ജമാല്‍ : താഹിര്‍ ജമാല്‍
Advertising

രാഷ്ട്രീയ ചര്‍ച്ചകളുടെ പശ്ചാത്തലം

ഈ വരുന്ന ഒക്ടോബര്‍ അഞ്ചിന് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. കാമ്പസിനകത്തും പുറത്തും സംഘപരിവാര്‍ ശക്തിപ്പെടുന്ന ഒരു സമയത്താണ് എന്നതുകൊണ്ടും, വരാന്‍ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള പ്രധാനമായ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് എന്ന നിലക്കും രാജ്യം ഉറ്റുനോക്കുന്നുണ്ട് ഹെെദരാബാദ് യൂണിയന്‍ തെരഞ്ഞടുപ്പിലേക്ക്. ഈയൊരു അവസരത്തിലാണ് കാമ്പസിലെ ദലിത്‌-ബഹുജന്‍-ആദിവാസി- മുസ്‍ലിം വിദ്യാര്‍ഥി സംഘടനകളുടെ (ASA, BSF, DSU, MSF, SIO, TSF) നേതൃത്തില്‍ വിശാല സഖ്യമുണ്ടാക്കാനും അതുവഴി സംഘ്പരിവാര്‍ ശക്തികളെ പരാജയപ്പെടുത്താനും തീരുമാനിച്ചത്.

രോഹിത് വെമുലയുടെ മരണത്തിനുത്തരവദിയായ വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്‍റെ ഇടം-വലം കൈയ്യായി നില്‍ക്കുന്ന എ.ബി.വി.പി അത്യധികം ശക്തിപ്പെട്ടിട്ടുണ്ട് എന്നതു കൊണ്ട് പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഈ വിശാല സഖ്യത്തിലേക്ക് എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ എന്നീ സംഘടനകളെ കൂടി ഉള്‍പ്പെടുത്താനുള്ള ആലോചന നടക്കുകയും അവരുമായുള്ള സംസാരം നടക്കുകയും ചെയ്തു. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളെ ഉള്‍കൊള്ളിച്ചു കൊണ്ട് കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട് അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മുന്നണിയെ കൂടുതല്‍ വിശാലമാക്കാനുള്ള ആലോചനകളാണ് ആദ്യ ഘട്ടത്തില്‍ നടന്നത്.

എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ മുസ്‍ലിം സംഘടനകള്‍ ഈ രാഷ്ട്രീയ സഖ്യത്തില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് ഭാഗവാക്കാകാന്‍ കഴിയില്ല എന്ന തീരുമാനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. എസ്.എഫ്.ഐയുടെ മലയാളി കേഡറുകളാണ് പ്രധാനമായും ഈ ആവശ്യം മുന്നോട്ട് വെച്ചത്. സഘ്പരിവാര്‍ ഫാഷിസത്തിന്‍റെ ഒന്നാമത്തെ ഇരകളായ മുസ്‍ലിംകളെ ഉള്‍പ്പെടുത്താതെയുള്ള ഒരു സംഘ്പരിവാര്‍ സഖ്യത്തിന് തങ്ങള്‍ക്ക് സാധ്യമല്ല എന്നൊരു തീരുമാനം എ.എസ്.എ എടുക്കുകയും അങ്ങനെ എസ്.എഫ്.ഐ ഇതര വിദ്യാര്‍ഥി സംഘടനകളുടെ മുന്‍കയ്യില്‍ യുനൈറ്റഡ് ഡെമോക്രാറ്റിക്‌ അലയന്‍സ് (യു.ഡി.എ) എന്ന പേരില്‍ മുന്നണി രൂപീകരിക്കുകയും ചെയ്തു. എന്‍.എസ്.യു.ഐക്ക് സെന്‍ട്രല്‍ പാനലില്‍ സീറ്റ്‌ കൊടുക്കുന്നതു വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നതു കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച കള്‍ച്ചറല്‍ സെക്രട്ടറി പോസ്റ്റ്‌ എ.എസ്.എയുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് വിയോജിപ്പോടെയാണെങ്കിലും വിട്ടു കൊടുക്കുകയും യു.ഡി.എ മുന്നണിയില്‍ തുടരാന്‍ തീരുമാനിക്കുകയുമാണ് എം.എസ്.എഫ് ചെയ്തത്. ഇന്ത്യന്‍ കാമ്പസുകളിലെ ആദ്യ ദലിത്‌-ബഹുജന്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുക്കപ്പെട്ട 2014-15ലെ യു.ഡി.എ യുടെ പിന്തുടര്‍ച്ച കൂടിയാണ് ഈ സഖ്യം.

എന്‍.എസ്.യു.ഐക്ക് സെന്‍ട്രല്‍ പാനലില്‍ സീറ്റ്‌ കൊടുക്കുന്നതു വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നതു കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച കള്‍ച്ചറല്‍ സെക്രട്ടറി പോസ്റ്റ്‌ എ.എസ്.എയുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് വിയോജിപ്പോടെയാണെങ്കിലും വിട്ടു കൊടുക്കുകയും യു.ഡി.എ മുന്നണിയില്‍ തുടരാന്‍ തീരുമാനിക്കുകയുമാണ് എം.എസ്.എഫ് ചെയ്തത്.

കേരള കാമ്പസുകളില്‍ നടക്കുന്ന പ്രായോഗിക രാഷ്ട്രീയ സഖ്യങ്ങളെ മാറ്റി വെച്ചാല്‍ പോലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഈ സംഘടനകള്‍ തമിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു കൂടി പ്രതീക്ഷക്ക് വക നല്‍കുന്നതായിരുന്നു. ജെ.എന്‍.യുവില്‍ നടന്നതാണ് അതിലൊന്ന്‍. പരസ്പരം ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ പോലും സംഘപരിവാര്‍ തെമ്മാടികൂട്ടം വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയപ്പോള്‍ ബാപ്സ, എസ്.ഐ.ഒ, എം.എസ്.എഫ്, എസ്.എഫ് ഐ തുടങ്ങിയ എ.ബി.വി.പി ഇതര വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് വരികയും പ്രസ്തുത നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. അത് പോലെ തന്നെ, കഴിഞ്ഞ ദിവസങ്ങളില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിലും എ.എസ്.എ, എസ്.ഐ.ഒ, എം.എസ്.എഫ്, എസ്.എഫ്.ഐ അടക്കം എല്ലാ സംഘടനകളും ഒരുമിച്ച് അണിനിരക്കുകയുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്ത് കൊണ്ടാണ് പെട്ടന്ന്‍ മുസ‍്‍ലിം സംഘടനകളെ മാറ്റി നിര്‍ത്തണമെന്ന വാശിയിലേക്ക് എസ്.എഫ്.ഐ പോയത് എന്ന് ചിന്തിക്കേണ്ടതുണ്ട്.

മുസ്‍ലിം രാഷ്രീയ ചോദ്യങ്ങളും എസ്.എഫ്.ഐ യുടെ പ്രതികരണങ്ങളും

മുസ്‍ലിം രാഷ്ട്രീയ കക്ഷിയായ എം.എസ്.എഫിനോട്‌ പ്രശ്നമില്ല, എന്നാല്‍ ഇസ്‍ലാമിസ്റ്റ് പാര്‍ട്ടിയായ എസ്.ഐ.ഒവിനോടാണ് പ്രശ്നം എന്നാണ്  കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ മുന്നോട്ട് വെച്ചിരുന്ന അവകാശ വാദം. അങ്ങനെ നല്ല മുസ്‍ലിം, ചീത്ത മുസ്‍ലിം ബൈനറി കൊണ്ടുള്ള രാഷ്ട്രീയ നാടകങ്ങളായിരുന്നു ഇതുവരെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ വര്‍ധിച്ചു വരുന്ന മുസ്‍ലിം രാഷ്ട്രീയ ചോദ്യങ്ങളെ ഇത്തരം ദുര്‍ബല വ്യവഹാരങ്ങള്‍ കൊണ്ട് മറി കടക്കാന്‍ കഴിയില്ല എന്നതും മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടതു പക്ഷത്തെയും വലതു പക്ഷത്തെയും ബഹുജന്‍ രാഷ്ട്രീയത്തെയും ഈയൊരു വ്യാവഹാരിക പരിസരത്തേക്ക് കൊണ്ട് വരുന്നതില്‍ മുസ്‍ലിം ചെറുപ്പത്തിനുള്ള പങ്കും ചെറുതല്ല.

ബ്രാഹ്മണിസത്തിന്‍റെ വ്യത്യസ്ത പ്രച്ഛന്ന വേഷങ്ങളിലൂടെ കടന്നു വരുന്ന ഹിന്ദു വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാനുള്ള എന്ത് ഭാഷയും കര്‍മ പദ്ധതിയുമാണ് വിവിധ രാഷ്ട്രീയ ധാരകളുടെ കൂടെയുള്ളത് എന്നത് തന്നെയാണ് മൂര്‍ത്തമായ ചോദ്യം. കൂടുതല്‍ നല്ല ഹിന്ദുവാകുക എന്നൊരു പ്രായോഗിക രാഷ്ട്രീയ ശൈലി മാത്രമാണ് കോണ്‍ഗ്രസിനെ പോലുള്ള വലതു പക്ഷവും സി.പി.ഐ.എമ്മിനെ പോലുള്ള ഇടതുപക്ഷവും സ്വീകരിച്ചിരിക്കുന്നത്. മുസ്‍ലിം സംഘടനാ അസ്സെര്‍ഷനുകളെ ഒഴിവാക്കി കൊണ്ടുള്ള രാഷ്ടീയ സഖ്യത്തിലൂടെ എസ്.എഫ്.ഐ ശ്രമിക്കുന്നതും അതിനു തന്നെയാണ്. ഈ വര്‍ഷത്തെ എസ്.എഫ്.ഐ പാനലില്‍ മുസ്‍ലിം വിദ്യാര്‍ത്ഥികളില്ല എന്നതും യാദൃശ്ചികമാവാന്‍ വഴിയില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇരയാക്കപ്പെട്ട മുസ്‍ലിമിനെ എങ്ങനെയാണ് ഇടതു പക്ഷം ഉപയോഗിക്കുന്നത് എന്നതും സ്വന്തം മതവും സ്വതവും അസ്സര്‍ട്ട് ചെയുന്ന മുസ്‍ലിമിനെ എങ്ങനെയാണ് തള്ളി കളയുന്നത് എന്നതുമാണ്‌. അഖ്ലാക്, ജുനൈദ്, എന്നെല്ലാം സൗകര്യം പോലെ പറയുകയും എന്നാല്‍ മുസ്‍ലിം രാഷ്ട്രീയ കര്‍തൃത്വത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്ന ഇടതുപക്ഷ ശൈലി രാഷ്ട്രീയ അടിമകളായ മുസ്‍ലിമിനെയാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്രമായി സംസാരിക്കുകയും സംഘടിക്കുകയും ചെയുന്ന മുസ്‍ലിമിനെ ഇന്ത്യന്‍ ദേശീയത എങ്ങനെയാണോ പുറന്തള്ളിയത്, അത് പോലെ തന്നെയാണ് ഇടതു പക്ഷവും പുറം തള്ളുന്നത്. എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ മുസ്‍ലിം വിദ്യാര്‍ഥി സംഘടനകളോടുള്ള എസ്.എഫ്.ഐ നിലപാട് ഈയൊരു പരിസരത്ത് നിന്ന് വേണം മനസിലാക്കാന്‍. ദലിത്‌-ബഹുജന്‍ സമുദായങ്ങളോടുള്ള ഇടതു പക്ഷത്തിന്‍റെ സമീപനവും സമാനമായിരുന്നു എന്നത് വര്‍ഗരാഷ്ട്രീയത്തിന്‍റെ പരിമിതിയെ കൂടിയാണ് സൂചിപ്പിക്കുന്നത്.

ഇസ്‍ലാമോഫോബിയ എന്നത് നിലവില്ലാത്ത ഒന്നാണെന്നും ഇസ്‍ലാമിസ്റ്റ് സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് എന്നും പറയുന്ന ജെ.എന്‍.യുവിലെ എസ്.എഫ്.ഐ പ്രസ്താവന ഇതിനോടെ ചേര്‍ത്ത് വായിക്കണം. ഇന്ത്യയിലെ മുസ്‍ലിം അസ്ത്വിത്വത്തെയും മുസ്‍ലിം രാഷ്ട്രീയത്തിന്‍റെ അന്തസോടെയുള്ള നില നില്‍പ്പും മനസിലാക്കാനുള്ള കഴിവില്ലായ്മ കൂടിയാണിത്. “മൌദൂദി”, “ഇസ്‍ലാമിസം” “വര്‍ഗീയത” എന്നൊക്കെ പറഞ്ഞു കൊണ്ട് ബ്രാഹ്മണ ഫാഷിസത്തെ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന കളികളും അത് വഴി മുസ്‍ലിം വിരുദ്ധതയെ നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്നതും ഇനിയും വിലപ്പോവില്ല എന്ന താക്കീത് കൂടിയാണ് എസ്.എഫ്.ഐ ഇതര വിദ്യാര്‍ഥി സംഘടനകളുടെ യു.ഡി.എ  സഖ്യം മുന്നോട്ട് വെക്കുന്നത്.

എന്ത് കൊണ്ട് യു.ഡി.എ?

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്യാർത്ഥികള്‍ പൊതുവിലും പാർശ്വവത്കൃത സമുദായങ്ങള്‍ പ്രത്യേകിച്ചും അഭൂതപൂർവമായ ആക്രമണം നേരിട്ടിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ, ജാതീയ ശക്തികൾ സംഘ പരിവാറിന്റെ രൂപത്തില്‍ കാമ്പസിന് പുറത്തും അപ്പാറാവുവിന്‍റെ രൂപത്തില്‍ കാമ്പസിനകത്തും നിലകൊള്ളുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ മേല്‍ക്കോയ്മ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി സര്‍ക്കാറിന് ഈ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നിർണായകമാണ്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം, ഈ സ്ഥാപനങ്ങൾക്ക് തലവന്മാരായി അവരുടെ ആളുകളെ നിശ്ചയിക്കാനുള്ള ഒരു നയം നടപ്പാക്കാൻ തുടങ്ങി. യൂണിവേഴ്സിറ്റിയിലെ ജനാധിപത്യ ഇടങ്ങൾ നിയന്ത്രിക്കുകയും, പൊതുപരിപാടികൾ നിരോധിക്കുകയും, ഫണ്ട് കുറക്കുകയും, റിസർവേഷൻ പോളിസി അട്ടിമറിക്കുകയും, പുതിയ നിയമങ്ങൾ ചുമത്തുകയും ചെയ്യുന്ന രൂപങ്ങളിലേക്ക് ഇത് നയിച്ചത്.

ഫണ്ട്, സീറ്റുകള്‍ വെട്ടിക്കുറക്കല്‍, യൂണിവേഴ്സിറ്റികളിൽ പഠന കേന്ദ്രങ്ങൾ അടക്കുമെന്ന സ്ഥിരമായ ഭീഷണി തുടങ്ങിയവ ഉന്നതവിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുന്നതിലെക്കും പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുന്നതിലേക്കും നയിക്കുന്നു. ക്യാമ്പസിലെ വിനാശകരമായ അന്തരീക്ഷം വിദ്യാർത്ഥികളെ അവഗണിക്കുകയും അത് വഴി അവരെ പീഡിപ്പിക്കുകയും ചെയ്യുന്നു. കാമ്പസിലെ ആത്മഹത്യകളുടെ വർദ്ധന ഇതിന്റെ കൂടി പ്രതിഫലനമാണ്. ഇത് പോളിസി തലത്തിൽ അഭിസംബോധന ചെയ്താല്‍ മാത്രമേ വിദ്യാർത്ഥി സൗഹൃദ കാമ്പസ് സ്ഥാപിക്കപ്പെടുകയുള്ളൂ.

ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ച് കാമ്പസിലെ വിവിധ ദളിത്‌-ബഹുജന്‍-മുസ്‍ലിം - ആദിവാസി സംഘടനകള്‍ അവരുടെ അഭിമാനകരമായ രാഷ്ട്രീയ നിലനിൽപ്പിനും അന്തസ്സോടെയുള്ള ജീവിതത്തിനും വേണ്ടിയാണ് സമരങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. നക്സലൈറ്റുകൾ, ഭീകരർ, വര്‍ഗീയവാദികള്‍, ദേശദ്രോഹികള്‍ തുടങ്ങിയ എല്ലാ ബ്രാൻഡിംഗുകളെയും എതിർത്ത് കൊണ്ട് തന്നെയാണ് കാമ്പസിലെ ഹിന്ദുവല്‍ക്കരണത്തിനെതിരെ ഈ സംഘടനകള്‍ നിലനിന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് എ.ബി.വി.പി ഒഴികെയുള്ള വിദ്യാർത്ഥികളുടെ സംയുക്ത സഖ്യം രൂപംകൊള്ളുന്നതും. ബ്രാഹ്മണ്യ ഫാസിസത്തെ എതിർക്കുന്നതിനു രാജ്യം ബദൽ വഴി തേടുമ്പോള്‍ ഒരിക്കല്‍ കൂടി മുന്നേ നടക്കുകയാണ് ഹൈദരാബാദ് സര്‍വ്വകലാശാല. ഈ വഴിയില്‍ എവിടെ നില്‍ക്കണമെന്ന് എസ്.എഫ്.ഐക്ക് ഇനിയും തീരുമാനിക്കാവുന്നതാണ്.

ഇസ്‍ലാമോഫോബിയ എന്നത് നിലവില്ലാത്ത ഒന്നാണെന്നും ഇസ്‍ലാമിസ്റ്റ് സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് എന്നും പറയുന്ന ജെ.എന്‍.യുവിലെ എസ്.എഫ്.ഐ പ്രസ്താവന ഇതിനോടെ ചേര്‍ത്ത് വായിക്കണം. ഇന്ത്യയിലെ മുസ്‍ലിം അസ്ത്വിത്വത്തെയും മുസ്‍ലിം രാഷ്ട്രീയത്തിന്‍റെ അന്തസോടെയുള്ള നില നില്‍പ്പും മനസിലാക്കാനുള്ള കഴിവില്ലായ്മ കൂടിയാണിത്

പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ഘടനാപരമായ പുറംതള്ളലുകള്‍ നടക്കുന്ന സമയത്ത് ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഏതൊരു ചെറുത്തുനിൽപ്പും അടിച്ചമർത്തപ്പെടുന്ന ഈ സമുദായങ്ങൾക്ക് ന്യായമായ ഇടം നൽകണം. ഇരകളുടെ ശരിയായ ശബ്ദമില്ലാത്ത മറ്റേതൊരു മുന്നണിയും അടിച്ചമര്‍ത്തലിനെ ന്യായീകരിക്കുന്നതാണ്. അത് കൊണ്ട് തന്നെ യു.ഡി.എ എന്നത് ബ്രാഹ്മണ്യ ഫാസിസത്തിന്റെ ഭീഷണിയെ നേരിടാൻ കഴിവുള്ള ഒരു മുന്നണി കൂടിയാണ്.

എ.ബി.വി.പിയെ പരാജയപ്പെടുത്തി ബി.ജെ.പിയെയും അപ്പാറാവുവിനെയും ഒരു പാഠം പഠിക്കാൻ ഏതെങ്കിലും സംഘടന ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൂട്ടി സാമൂഹിക നീതി എന്ന ആശയം മുന്നോട്ടുകൊണ്ടുപോവുകയാണ്  ചെയ്യേണ്ടത്. എ.ബി.വി.പി മുന്നോട്ട് വെക്കുന്ന ഇസ്‍ലാമോഫോബിയയോടും ജാതീയതയോടും പോരാടാൻ ആഗ്രഹിക്കാത്തവർ ആ ഐക്യത്തില്‍ നിന്നും അകന്നുനിൽക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തും. അത്തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാക്കുന്ന പണിയിലാണ് ഹൈദരാബാദിലെ എസ്.എഫ്.ഐ. ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങളില്‍ വന്ന മാറ്റം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ജയ് ഭീം, നീല്‍ സലാം എന്നതൊക്കെ മാറ്റി വെച്ച് കൊണ്ട് ലാല്‍ സലാമിലെക്കുള്ള മടങ്ങി പോക്ക് കൂടിയാണ് അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ്.

2014-15 കാലഘട്ടത്തിൽ തെരഞ്ഞെടുപ്പു വിജയത്തിലൂടെ തങ്ങളുടെ ശക്തി പ്രകടിപ്പിച്ച ഈ യു.ഡി.എ സഖ്യം, ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഏകാധിപത്യവും ജനാധിപത്യവൽക്കരണവും തമ്മിലുള്ള ഈ പോരാട്ടത്തിൽ, വോട്ടു ഭിന്നിപ്പിച്ചു സംഘ്പരിവാര്‍ ശക്തികളെ ജയിപ്പിക്കുക എന്ന നിലപാടിലേക്കാണ് എസ്.എഫ്.ഐ പോയിട്ടുള്ളത്. അതാകട്ടെ, കഴിഞ്ഞ വര്‍ഷം വരെ ഒരുമിച്ച് നിന്ന മുസ്‍ലിം സംഘടനകളെ തള്ളി പറഞ്ഞു കൊണ്ടും.

ആദ്യമായി ഒരു ദലിത് സ്ത്രീ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നതും ആദ്യമായി ഒരു മുസ്‍ലിം സ്ത്രീ സെന്‍ട്രല്‍ പാനലിലേക്ക് മത്സരിക്കുന്നതും ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഞങ്ങളുടെ വിധി എഴുതാൻ മറ്റാരെയും ഞങ്ങൾ അനുവദിക്കുന്നില്ല, അഭിമാനകരമായ നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളുടെ ഭാവിയെക്കുറിച്ച് എഴുതുന്നതിനുള്ള പേന ഞങ്ങളുടെ കൈകളില്‍ തന്നെയാണ് മുദ്രാവാക്യമാണ് യു.ഡി.എ ഉയര്‍ത്തുന്നത്.

Tags:    

താഹിര്‍ ജമാല്‍ - താഹിര്‍ ജമാല്‍

contributor

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയായ താഹിര്‍ ജമാല്‍ “മുസ്‍ലിംകളും ഭരണഘടനാ രാഷ്ട്രീയവും” എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു

Similar News