കോണ്‍ഗ്രസുമായി സഖ്യമില്ല; മധ്യപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി
2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബി.എസ്.പി നിലപാടിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും മധ്യപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി അറിയിച്ചു.
ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ കാത്തുനില്‍ക്കാനാവില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടി നിലപാട്. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ബി.എസ്.പിയും ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ആവുമോ എന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യത്തിനില്ലെന്ന് അറിയിച്ച് ബി.എസ്.പിയും എസ്.പിയും രംഗത്തെത്തിയത്.