തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ വരും സംസ്ഥാനങ്ങളില്‍ പ്രചരണത്തില്‍ സജീവമാകും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ വരും സംസ്ഥാനങ്ങളില്‍ പ്രചരണത്തില്‍ സജീവമാകും. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മധ്യപ്രദേശ്,രാജസ്ഥാന്‍,ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലായിരിക്കും ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇരു പാര്‍ട്ടികളും കടുത്ത ആത്മവിശ്വാസത്തിലുമാണ്.
2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ദേശീയ തലത്തില്‍ ബി.ജെ.പി നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ആവര്‍ത്തനം തന്നെയായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവകുയെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഭരണ വിരുദ്ധ തരംഗം ഉണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവും അമിത്ഷായുടെ സാഘാടന പാടവവും കൊണ്ട് അതിനെ മറികടക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നു. കര്‍ഷക പ്രക്ഷോഭങ്ങളും റഫേലുള്‍പ്പെടുയുള്ള അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന ആത്മ വിശ്വാസം കോണ്‍ഗ്രസും പ്രകടിപ്പിക്കുന്നു.
തെരെഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ച ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനങ്ങളില്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. പ്രധാനമന്ത്രി രാജസ്ഥാനിലെ അജ്മീറിലും രാഹുല്‍ ഗാന്ധി മധ്യ പ്രദേശിലെ ജബല്‍ പൂരിലുമായിരുന്നു ഉണ്ടായിരുന്നത്. അജ്മീറിലെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും മോദി കടന്നാക്രമിച്ചു. ജബല്‍ പൂരില്‍ രാഹുല്‍ ഗാന്ധി അമ്പല സന്ദര്‍ശനങ്ങളും റോഡ് ഷോകളും പൊതു റാലികളിലുമാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കും. ഇതോടൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞു.