‘2019 തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ തോൽപ്പിക്കുക പ്രധാന ലക്ഷ്യം; വിശാല സഖ്യത്തിന്റെ ഭാഗമാകില്ല’ യെച്ചൂരി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയും ആർ.എസ്.എസും സുപ്രീം കോടതി വിധിക്കെതിരെയാണ് സമരം ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തെ തോൽപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭയിലെ സി.പി.എമ്മിന്റെയും ഇടത് പക്ഷത്തിന്റെയും ശക്തി വർധിപ്പിക്കും.അതേസമയം വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ട എന്നാണ് നിലപാട്. കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരാൻ ശ്രമിക്കും. തെലങ്കാനയിൽ സി.പി.എം നേതൃത്വം നൽകുന്ന ബഹുജൻ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യെച്ചൂരി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയും ആർ.എസ്.എസും സുപ്രീം കോടതി വിധിക്കെതിരെയാണ് സമരം ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വം വിധി സ്വാഗതം ചെയ്തെങ്കിലും കേരള ഘടകം ബി.ജെ.പിയോടൊപ്പം നിന്ന് വിധിക്കെതിരെ സമരം ചെയ്യുകയാണ്. ഇത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാത്തതെന്നും യെച്ചൂരി ആരോപിച്ചു.
കോൺഗ്രസിന്റെ ഇത്തരം പ്രവർത്തനങ്ങൾ മതേതര ജനാധിപത്യ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ബി.ജെ.പിയേയും ആർ.എസ്.എസിനെയും സഹായിക്കാനേ ഉപകരിക്കൂവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.