വരാണസിയില്‍ മോദിക്കെതിരെ ശത്രുഘ്നന്‍ സിന്‍ഹയെ കളത്തിലിറക്കാന്‍ സമാജ്‍വാദി പാര്‍ട്ടി
വരാണസി ഉൾപ്പെടുന്ന കിഴക്കൻ യു.പിയിലെ പ്രമുഖ സമുദായമായ ‘കായസ്ത’ വിഭാഗക്കാരില്‍, വലിയ സ്വാധീനമാണ് ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഉള്ളത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ സിനിമാ താരവും, വിമത ബി.ജെ.പി നേതാവുമായ ശത്രുഘ്നൻ സിൻഹ ഒരുങ്ങുന്നു. വരാണസിയിലെ സമാജ്‍വാദി പാർട്ടി(എസ്.പി) സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് താരം തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പുരോഗമിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കുറച്ചു കാലങ്ങളായി മോദിക്കും ബി.ജെ.പിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ശത്രുഘ്‌നന്‍ സിന്‍ഹ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹം ബി.ജെ.പി വിടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മോദിക്ക് എതിർ സ്ഥാനാര്‍ത്ഥിയായി ശത്രഘ്നൻ സിൻഹയെ കൊണ്ടു വന്നാൽ വാരണാസിയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്നതാണ് സമാജ്‍വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
വാരണാസി ഉൾപ്പെടുന്ന കിഴക്കൻ യു.പിയിലെ പ്രമുഖ സമുദായമായ ‘കായസ്ത ’ വിഭാഗക്കാരില്‍ വലിയ സ്വാധീനമാണ് ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഉള്ളത്. ഇതിനു പുറമെ, മണ്ഡലത്തിൽ സ്വാധീനമുള്ള എ.എ.പിയുടെ പിന്തുണ ഉറപ്പാക്കുന്നതിനും എസ്.പി ശ്രമിക്കുന്നുണ്ട്. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു.