ജഡ്ജിയുടെ ഭാര്യയെയും മകനെയും ഗൺമാൻ വെടി വെച്ചു
അപകട നില തരണം ചെയ്തതായി പൊലീസ്
ജഡ്ജിയുടെ ഭാര്യക്കും 18 വയസായ മകനും പേഴ്സണൽ ഗൺ മാനിൽ നിന്നും വെടി ഏറ്റു. ഗുർഗൗണിലെ തിരക്കുള്ള പാതയിൽ വെച്ച് നടന്ന വെടി വെപ്പിൽ ഭാര്യ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. 18 വയസുള്ള മകൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡല്‍ഹി ഗുര്‍ഗൗണിലുള്ള ആര്‍ക്കേഡിയ മാര്‍ക്കറ്റിനടുത്തുള്ള സെക്ഷന്‍ 49ല്‍ ഇന്നുച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്.
ഷോപ്പിംഗിനായി അമ്മയെയും മകനെയും ഇവിടെയെത്തിച്ച ഗണ്‍മാന്‍ മഹിപാല്‍ കാറില്‍ നിന്നിറങ്ങിയപ്പോഴാണ് വെടിയുതിര്‍ത്തത്. ആദ്യം ജഡ്ജിയുടെ ഭാര്യയേയും രണ്ടാമത് മകനെയും നിരവധി ദൃക്സാക്ഷികളുടെ മുന്നില്‍ വെച്ച് ഇയാള്‍ വെടിവെച്ചിട്ടു. വീണ് കിടന്ന മകനെ വലിച്ചിഴക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗൺമാൻ പിന്നീട് അതേ കാറിൽ ഓടിച്ച് രക്ഷപെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയിൽ രക്ഷപെടുന്ന ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി അഡിഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്ത് ശര്‍മ്മയുടെ ഗണ്‍മാനായി ജോലി ചെയ്യുകയായിരുന്നു മഹിപാല്‍.
വെടി വെപ്പിന് ശേഷം ജഡ്ജിയെ ഫോണ്‍ വിളിച്ച് കാര്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു. കാറോടിച്ച അടുത്തുള്ള സദാര്‍ പോലീസ് സ്റ്റേഷനിലെത്തിയ ഇയ്യാള്‍ അവിടെവെച്ചും വെടിയുതിര്‍ത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും മഹിപാല്‍ കടന്നുകളഞ്ഞു. ഇയാളെ പിന്നീട് ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ജഡ്ജിയുടെ ഭാര്യയെയും മകനെയും വിദഗ്ധ ചികിത്സക്ക് വിധേയരാക്കിയെന്നു സ്ഥലം ഡി.സി.പി പറഞ്ഞു.
വെടി വെപ്പിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജഡ്ജിയുടെ കുടുംബത്തിൽ നിന്നുമുണ്ടായ മോശം പെരുമാറ്റവും വിഷാദവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു.